ഇലക്ഷന് തോല്‍ക്കാന്‍ മുഖ്യ വിഷയം തന്നെ ഇതാണ്, തന്നെ മനഃപൂര്‍വം കരിവാരിത്തേച്ചു; ‘അമ്മ’യ്ക്ക് താന്‍ പരാതി നല്‍കും. നടപടിയില്ലെങ്കില്‍ നിയമപരമായി നേരിടും, സിദ്ദിഖിനെതിരെ നാസര്‍ ലത്തീഫ്

കഴിഞ്ഞ ദിവസമായിരുന്നു മലയാള താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ്. ഔദ്യോഗിക പാനലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സിദ്ദിഖ് പങ്കുവച്ച പോസ്റ്റ് വിവാദമായിരുന്നു.”ആരെ തെരഞ്ഞെടുക്കണമെന്ന് അമ്മയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം… അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്ന് ഇവരാരും വീരവാദം മുഴക്കിയിട്ടുമില്ല… ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്‍കി അമ്മയെ കബളിപ്പിച്ചവരുമല്ല’, എന്നായിരുന്നു സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇപ്പോഴിതാ സിദ്ദിഖിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നാസര്‍ ലത്തീഫ്. അമ്മ ഏറ്റെടുക്കാത്തത് കൊണ്ടാണ് താന്‍ നല്‍കാമെന്ന് പറഞ്ഞിരുന്ന സ്ഥലം മറ്റ് കലാകാരന്‍മാര്‍ക്ക് വീടുപണിയാനായി കൊടുത്തത് എന്നാണ് നാസര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. 48 വര്‍ഷമായി സിനിമ ഇന്‍ഡസ്ട്രിയില്‍ നടന്‍, നിര്‍മ്മാതാവ് നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് താന്‍.

നൂറോളം സിനിമകള്‍ അഭിനയിച്ചു. രണ്ട് സിനിമ പ്രൊഡ്യൂസ് ചെയ്തു. ഇപ്പോള്‍ തന്റെ വ്യക്തിത്വത്തെ ബാധിച്ച ഒരു കാര്യം ക്ലിയര്‍ ചെയ്യാനായാണ് ഈ വാര്‍ത്താ സമ്മേളനം. അമ്മയിലെ അംഗമാണ് താന്‍. ഇലക്ഷനില്‍ തോറ്റതില്‍ വിഷമമില്ല. നന്നായി ജനാധിപത്യ രീതിയില്‍ നടന്ന ഇലക്ഷനാണ്.

എന്നാല്‍ ഇലക്ഷന്‍ സ്റ്റണ്ട് എന്ന രീതിയില്‍ സുഹൃത്ത് സിദ്ദിഖ് തെറ്റായ പ്രസ്താവന പൊതു ജന മധ്യത്തില്‍ നടത്തുകയുണ്ടായി. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് അമ്മയെ കബളിപ്പിച്ചു എന്നാണത്. ഇത് അദ്ദേഹം പിന്‍വലിക്കണം. താന്‍ ആരേയും കബളിപ്പിച്ചിട്ടില്ല. സാധാരണ മനുഷ്യനാണ്.

എഴുപുന്നയിലെ തന്റെ 20 സെന്റ് സ്ഥലം അമ്മയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അവശ കലാകാരന്മാര്‍ക്ക് വീടു പണിയാനായിരുന്നു. ഡോക്യുമെന്റ്സ് ഇടവേള ബാബുവിന് നല്‍കിയിരുന്നു. അവിടെ സ്റ്റുഡിയോ അപാര്‍ട്ട്മെന്റ് പണിയാമെന്ന് പറഞ്ഞിരുന്നു. അത് താന്‍ ഫ്ളാറ്റ് പണിയാന്‍ ആവശ്യപ്പെട്ടുവെന്ന് ചിലര്‍ പറഞ്ഞു പരത്തി. രണ്ട് വര്‍ഷമായിട്ടും അവര്‍ ഏറ്റെടുക്കാതായപ്പോള്‍ താനത് വേറെ ചില കലാകാരന്‍മാര്‍ക്ക് നല്‍കി. സീറോ ബാബുവിനും പാട്ടുകാരന്‍ ഇബ്രാഹിമിനും ഉള്‍പ്പെടെയുള്ള ചിലര്‍ക്കായിരുന്നു അത്.

ഇപ്പോഴിതാ ഇല്ലാത്ത കാര്യം പറഞ്ഞ് തന്നെ കരിവാരി തേച്ചു. ഇലക്ഷന് തോല്‍ക്കാന്‍ മുഖ്യ വിഷയം ഇതാണ് കാരണമായത്. ഇത് വലിയൊരു ഇന്‍സള്‍ട്ടാണ്. ‘അമ്മ’യ്ക്ക് താന്‍ പരാതി നല്‍കും. നടപടിയില്ലെങ്കില്‍ നിയമപരമായി നേരിടും എന്ന് നാസര്‍ ലത്തീഫ് വ്യക്തമാക്കി. വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് പരാജയപ്പെട്ടിരുന്നു. അതേസമയം സിദ്ദിഖിന്റെ പോസ്റ്റിനെതിരെ നടന്‍ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു.

Vijayasree Vijayasree :