സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രം കന്യാസ്ത്രീയുടെ തിരുവസ്ത്രമണിഞ്ഞു നടത്തിയ കട്ട ചളികളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഒന്നും നിങ്ങളുടെ കണ്ണില്‍ പെട്ടിരുന്നില്ലേ.., ഒരു പേരാണ് നിങ്ങളുടെ പ്രധാന പ്രശ്നം അത് പക്ഷേ ഈശോ എന്ന പേരല്ല… നാദിര്‍ഷ എന്ന പേരാണ്!, വൈറലായി കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. പി.സി ജോര്‍ജ്, കത്തോലിക്ക കോണ്‍ഗ്രസ്, കെസിബിസി എന്നീ സംഘടനകളടക്കം ഈശോ എന്ന പേരിനെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ താരങ്ങളടക്കം നിരവധി പേരാണ് നാദിര്‍ഷയ്ക്കും സിനിമയ്ക്കും പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമാ പ്രവര്‍ത്തകനായ സൈലക്സ് ഒരു സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

സൈലക്സിന്റെ കുറിപ്പ്:

ഈശോ എന്ന പേരില്‍ നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരാണ് ഈശോ എന്നും അത് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് ‘not from the bible’ എന്ന ടാഗ് ലൈന്‍ ഉപയോഗിച്ചത് എന്നും നാദിര്‍ഷാ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.

ഈ പേരില്‍ ഒരു സിനിമക്കെതിരെയും അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തുന്ന മതഭ്രാന്ത് പിടിച്ച സഹോദരന്മാരോട് ഒരു കാര്യം ചോദിച്ചോട്ടെ, നിങ്ങള്‍ സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത കിലുക്കം കിലുകിലുക്കം എന്ന സിനിമ കണ്ടതാണോ? അതില്‍ സലിം കുമാര്‍ അവതരിപ്പിച്ച കഥാപാത്രം കന്യാസ്ത്രീയുടെ തിരുവസ്ത്രമണിഞ്ഞു നടത്തിയ കട്ട ചളികളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഒന്നും നിങ്ങളുടെ കണ്ണില്‍ പെട്ടിരുന്നില്ലേ?

അതിനെതിരെ നിങ്ങള്‍ രോഷം കൊണ്ടത് കണ്ടില്ല. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍ ഉണ്ട് മലയാള സിനിമയില്‍. പുരോഹിതവേഷം ധരിച്ചു മോഷണം നടത്തുന്നതും ആ വേഷത്തെ നിന്ദിക്കുന്ന തരത്തില്‍ ഉള്ള ഡയലോഗുകള്‍ പറയുന്നത് അടക്കമുള്ള ഒരുപാട് സീനുകള്‍ മലയാള സിനിമയുടെ ഇന്ന് വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

ഏറ്റവും അവസാനം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത സുനാമി എന്ന ചിത്രത്തില്‍ മുകേഷ് അവതരിപ്പിച്ച പുരോഹിത കഥാപാത്രം എത്രയോ തവണ ദ്വയാര്‍ത്ഥങ്ങളും ക്രിസ്തീയതയെയും മറ്റു പുരോഹിതന്മാരെയും കളിയാക്കുന്നു. അതൊന്നും നിങ്ങള്‍ കണ്ടില്ലേ. അപ്പോ അതൊന്നും സംവിധാനം ചെയ്തത് നാദിര്‍ഷാ എന്ന നാമധാരി ആയിരുന്നില്ല.

ഒരു പേരാണ് നിങ്ങളുടെ പ്രധാന പ്രശ്നം അത് പക്ഷേ ഈശോ എന്ന പേരല്ല… നാദിര്‍ഷ എന്ന പേര്. കലാമൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്ന സിനിമകള്‍ ഇന്ന് ചെയ്യാന്‍ പല സംവിധായകരും മടിക്കുന്നുണ്ടെങ്കില്‍ അതിന് ഒരേ ഒരു കാരണമേ ഉള്ളു. വിശ്വാസി സമൂഹത്തിന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ മാത്രം. സിനിമയെ ഒരു ആഗോള പ്രശ്നമായി കാണാതെ ഒരു കലാരൂപമായി കാണാന്‍ എന്ന് കേരളത്തിലെ വിവിധ മത വിശ്വാസി സമൂഹങ്ങള്‍ക്ക് കഴിയുന്നുവോ അന്നേ ഇനി നല്ല സിനിമകള്‍ പിറക്കൂ.

Vijayasree Vijayasree :