നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍, അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ’ക്കുറവേ’യുള്ളു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല; പോസ്റ്റുമായി ശാരദക്കുട്ടി

എംജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നതിനിടയില്‍ നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയത്. കടുത്ത വിമര്‍ശനങ്ങള്‍ തന്നെയാണ് ഈ സംഭവത്തില്‍ ഉയരുന്നത്. കെപിഎസി ലളിതയ്ക്ക് ശേഷമായി സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എംജി ശ്രീകുമാറിനെ നിയമിച്ചേക്കുമെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഗായകനായ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വ്യാപക വിമര്‍ശനം. കലാസാംസ്‌കാരിക രംഗത്തുള്ളവരടക്കം ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിട്ടുണ്ട്. എംജിയുടെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് പറഞ്ഞാണ് വിമര്‍ശനങ്ങള്‍. കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതും അന്നത്തെ സംസാരത്തിന്റെയുമെല്ലാം വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കെപിഎസി ലളിതയ്ക്ക്് പകരമായാണ് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെ തലപ്പത്തേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നത്.

അങ്ങനെ തീവ്രമായ അന്വേഷണത്തിനോടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണ് എന്നായിരുന്നു സംവിധായകനായ ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചത്. തീരുമാനങ്ങളിലെ വിവരക്കേട് തിരുത്തുന്നതാകും നല്ലത്. നായന്മാരെ കൂടെ നിര്‍ത്തണമെങ്കില്‍ ഇതിലും മികച്ച ഒരു നായര്‍, അക്കാദമികവും ഭരണപരവും കലാപരവുമായി വളരെ മികവുകള്‍ ഉള്ള ഒരു നായര്‍ സ്ത്രീ ആ കുടുംബത്തില്‍ തന്നെയുണ്ട്. ഡോ.കെ. ഓമനക്കുട്ടി. സ്ത്രീയാണെന്ന ഒറ്റ’ക്കുറവേ’യുള്ളു. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ എംജി ശ്രീകുമാര്‍ ടീമിലെ നായര്‍ തന്നെയാകണമെന്നുണ്ടോ എന്ന് നിശ്ചയമില്ല എന്നുമായിരുന്നു ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത് സംഗീതനാടക അക്കാദമി അല്ലേ?സിനിമയില്‍ നിന്നല്ലാതെ നാടകത്തില്‍ നിന്നോ മറ്റു കലാരൂപങ്ങളുടെ മേഖലയില്‍ നിന്നോ ഉള്ളവരെ ആക്കിക്കൂടെ? സിനിമക്കാര്‍ക്ക് മറ്റെന്തൊക്കെ അക്കാദമികളും കോര്‍പ്പറേഷനുകളുമുണ്ട് ഇരിക്കാന്‍ എന്നായിരുന്നു ശാരദക്കുട്ടിയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. അതാണ്. വി.ടി.മുരളിയും കരിവെള്ളൂര്‍ മുരളിയും ശ്രീജ ആറങ്ങോട്ടുകരയും അങ്ങനെ എത്ര പേര്‍ എന്നായിരുന്നു ശാരദക്കുട്ടിയുടെ മറുപടി.

ചലച്ചിത്ര അക്കാദമിയില്‍ ചലച്ചിത്ര മേഖലയിലെ ആളുകള്‍ വരുന്നത് സ്വാഭാവികം. എന്നാല്‍ എന്തുകൊണ്ടാണ് സംഗീത നാടക അക്കാദമിയിലേക്കും ഇടതുമുന്നണി സര്‍ക്കാര്‍ സിനിമ രംഗത്തുള്ളവരെ വെക്കുന്നത്? കൂടുതല്‍ നിറപ്പകിട്ടുള്ള, ധനിക ലോകമാണ് അത്, അതാണ് കേരളത്തിലെ പുത്തന്‍ വര്‍ഗത്തിന്റെ സാംസ്‌കാരിക ലോകം, എന്നാലെങ്കിലും അദ്ദേഹം ടോപ് സിംഗറില്‍ നിന്നും മാറി നില്‍ക്കുമായിരിക്കും അല്ലെയെന്ന കമന്റും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ആര്‍ജവത്തോടെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ ശാരദക്കുട്ടിയെ അഭിനന്ദിച്ചുള്ള കമന്റുകളും കുറിപ്പിന് താഴെയുണ്ട്.

അതേസമയം, ഈ വിഷയത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടിബല്‍റാമും രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ചലച്ചിത്ര അക്കാദമിയില്‍ ജീവനക്കാരായി സിപിഎമ്മുകാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്തുകൊണ്ട് അന്ന് ചെയര്‍മാനായിരുന്ന കമല്‍ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്താനാണെന്നാണ്.

എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും ‘ഇടതുപക്ഷ സ്വഭാവം’ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്‌ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതില്‍ പോലും എതിര്‍ക്കാന്‍ തയ്യാറായില്ല.

അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങള്‍ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ‘ഇടതുപക്ഷ’ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവന്‍ സാംസ്‌ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ ‘ഇടതുപക്ഷം’ ?’ എന്നായിരുന്നു പോസ്റ്റ്.

Vijayasree Vijayasree :