ഏത് കഷ്ടത്തിന്റെ ഇടയിലും, അവള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുളള സമയത്തും മുഖത്ത് ഒരു ചിരി ഉണ്ടാവും, എന്ത് പ്രശ്നങ്ങള്‍ മനസിലുണ്ടെങ്കിലും ആ ചിരി എപ്പോഴും ഉണ്ടാവും; രോഹിണിയെ കുറിച്ച് പറഞ്ഞ് മേനക

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് രോഹിണി. ക്യാരക്ടര്‍ റോളുകളിലൂടെ ഇപ്പോഴും വിവിധ ഇന്‍ഡസ്ട്രികളില്‍ സജീവമാണ് താരം. ബാഹുബലി സീരീസ് ഉള്‍പ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളില്‍ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി. ഇപ്പോള്‍ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതല്‍ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും തുടക്കം കുറിച്ചിട്ടുണ്ട് താരം. മലയാളത്തില്‍ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. അതേസമയം രോഹിണിയുടെതായി വന്ന ഒരു അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. നടിയും അടുത്ത സുഹൃത്തുമായ മേനക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടയിലാണ് രോഹിണിയെ ആദ്യമായി കാണുന്നത് എന്ന് മേനക പറയുന്നു.

അന്ന് രോഹിണിയാണ് തന്നെ ഡയലോഗ് പറയാനൊക്കെ സഹായിച്ചത്. അവളുടെ കുടുംബ കാര്യങ്ങളെല്ലാം എന്നോട് പറയുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും എല്ലാവരുടെയും കാര്യങ്ങള്‍. ആ സമയം മുതല്‍ രോഹിണിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നല്ല കഴിവുളള കുട്ടിയാണ്. അതിന് ശേഷം ഒരുപാട് സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് ചെയ്തു. ഷൂട്ടിംഗിന് വേണ്ടി തിരുവനന്തപുരത്ത് ഒരേ ഹോട്ടലില്‍ ആണ് ഞങ്ങളെല്ലാം താമസിച്ചത്. അന്നാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്. രോഹിണിയോട് എറ്റവും ബഹുമാനം തോന്നിയ കാര്യം എന്താണെന്നും മേനക പറഞ്ഞു. ഏത് കഷ്ടത്തിന്റെ ഇടയിലും, അവള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുളള സമയത്തും മുഖത്ത് ഒരു ചിരി ഉണ്ടാവും. എന്ത് പ്രശ്നങ്ങള്‍ മനസിലുണ്ടെങ്കിലും ആ ചിരി എപ്പോഴും ഉണ്ടാവും. നമ്മളോട് എപ്പോഴും നല്ല പെരുമാറ്റമാണ്. എല്ലാം പരിഹരിക്കാന്‍ നോക്കും. മേനക പ്രിയ സുഹൃത്തിനെ കുറിച്ച് ഓര്‍ത്തെടുത്തു.

തുടര്‍ന്ന് മേനക പറഞ്ഞ കാര്യങ്ങളെ കുറിച്ച് അഭിമുഖത്തില്‍ രോഹിണിയും മനസുതുറന്നു. എന്ത് പ്രശ്നങ്ങള്‍ വന്നാലും നേരിടാറുണ്ടെന്ന് രോഹിണി പറയുന്നു. വെളിയില്‍ ഒന്നും കാണിക്കാതെ അഭിനയിക്കാറില്ല. നേരിടുക. നമ്മള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാനുളള ഒരു കഴിവ് നമുക്കുണ്ടാവും.

കൈകാര്യം ചെയ്‌തെ പറ്റൂ എന്ന സാഹചര്യവും വരും. വ്യക്തിപരമായ പ്രശ്നങ്ങളെല്ലാം മനസിലുണ്ടാവും. അത് ഓര്‍ക്കുന്നില്ല എന്ന് പറയുന്നില്ല. അത് ഓര്‍മ്മിക്കുമ്പോ നമ്മള് താഴ്ന്നുപോകും, രോഹിണി പറയുന്നു. എന്നാല്‍ നമ്മള് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മുന്നോട്ട് പോവുക. എന്നിട്ട് അതില്‍ നിന്നും കരകയറുക അതാണ് എന്റെ രീതി. സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താന്‍ ഇതെല്ലാം മറക്കാറുളളതെന്നും നടി പറഞ്ഞു. ചിത്രീകരണ സമയത്ത് ഒന്നും വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ മനസിലുണ്ടാവില്ല. നമ്മുടെ ജോലി എങ്ങനൈങ്കിലും തീര്‍ക്കുക എന്നതാണ് നോക്കാറുളളത്. വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മുടെ പ്രശ്നങ്ങളെല്ലാം മറന്നുപോവും. നമ്മള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഷൂട്ടിംഗ് തുടങ്ങിയാല്‍ എല്ലാം മറക്കും, രോഹിണി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം മണിയന്‍പിള്ള രാജു രോഹിണിയെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഹിണിയും ഞാനും അടുത്ത സുഹൃത്തുക്കളാണെന്ന് മണിയന്‍പിളള രാജു പറയുന്നു. എന്റെ നായികയായിട്ട് രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്. അറിയാത്ത വീഥികള്‍ എന്ന കെഎസ് സേതുമാധവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചുകഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി.

ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്. കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, മണിയന്‍പിളള രാജു പറയുന്നു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി.

പിന്നെ ആള്‍ക്കാര് എല്ലാവരും ഓടിക്കൂടി, ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു, വായ്ക്കകത്ത് ഐസ് ഇടുന്നു അങ്ങനെ എല്ലാം ചെയ്യുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി. വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി, മണിയന്‍പിളള രാജു ഓര്‍ത്തെടുത്തു.

അതേസമയം മലയാളത്തില്‍ കോളാമ്പിയാണ് രോഹിണി ഒടുവില്‍ അഭിനയിച്ച സിനിമ. ടക്ക് ജഗദീഷ്, വിനോദന്‍, റോക്കി തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. സൂപ്പര്‍താര സിനിമകളില്‍ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചാണ് രോഹിണി ഇപ്പോള്‍ എത്താറുളളത്. ബാഹുബലി സീരിസില്‍ അഭിനയിച്ചത് നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. അഭിനേത്രി എന്നതിലുപരി മോഡല്‍, അവതാരക, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, വോയിസ് ആര്‍ട്ടിസ്റ്റ്, സംവിധായിക എന്നീ നിലകളിലും പ്രവര്‍ത്തിച്ച താരമാണ് രോഹിണി. അന്തരിച്ച പ്രശസ്ത നടന്‍ രഘുവരനാണ് രോഹിണിയെ വിവാഹം കഴിച്ചത്. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. റിഷിവരന്‍ എന്നാണ് നടിയുടെ മകന്റെ പേര്.

Vijayasree Vijayasree :