പരസ്പരം നന്നായി അറിയാവുന്ന ജീവിതപങ്കാളിയെയാണ് ലഭിക്കുന്നതെങ്കില്‍ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല, വിവാഹശേഷം തന്നില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് മീര ജാസ്മിന്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.

മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്‍പനകള്‍ എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.

2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന്‍ ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധായനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. വിവാഹശേഷം ചെറിയ ഇടവേളകള്‍ എടുത്താണ് മീര സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്.

വിവാഹശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് മീര ജാസ്മിന്‍ ഒരു അഭിമുഖത്തില്‍ തുന്ന് പറഞ്ഞതിന്റെ വീഡിയോകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്. പരസ്പരം നന്നായി അറിയാവുന്ന ജീവിതപങ്കാളിയെയാണ് ലഭിക്കുന്നതെങ്കില്‍ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് മീര ജാസ്മിന്‍ പറയുന്നത്. വിവാഹശേഷം തന്നില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും മാറേണ്ട ആവശ്യമുണ്ടായില്ലെന്നും മീര ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

‘വിവാഹത്തിന് ശേഷം വലിയ മാറ്റങ്ങള്‍ തോന്നുനില്ല. തീര്‍ച്ചയായും ഉത്തരവാദിത്വങ്ങള്‍ കൂടും. ഒരു ആര്‍ട്ടിസ്റ്റ് ആണെങ്കില്‍ നമ്മള്‍ ആര്‍ട്ടിസ്റ്റായി തന്നെ നിലനില്‍ക്കും. എനിക്ക് മാറി നില്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷെ ഞാന്‍ സ്ഥിരമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ അപ്പോഴും സിനിമയില്‍ തന്നെ ഉണ്ടായിരുന്നു. ഇനി ഭാവിയില്‍ ആണെങ്കിലും ഞാന്‍ സിനിമയില്‍ തന്നെ ഏതെങ്കിലുമൊക്കെ രീതിയില്‍ ഉണ്ടാകും’ മീര ജാസ്മിന്‍ പറയുന്നു. തീവ്ര മതവിശ്വാസിയാണോ എന്ന ചോദ്യത്തിനും മീര വ്യക്തമായി മറുപടി നല്‍കുന്നുണ്ട്. ‘എല്ലാ മതത്തിലും വിശ്വസിക്കുന്നു. എന്നാല്‍ അത്രവലിയ റിലീജിയസ് അല്ല. എനിക്ക് ഒരു സുഹൃത്ത് ഉണ്ട് ദുബായില്‍ അവര്‍ എന്നെ ഇരുത്തികൊണ്ട് ഖുര്‍ആന്‍ വായിക്കാറുണ്ട്.

എനിക്ക് ഇഷ്ടമാണ് അത് വായിക്കുന്നത് കേള്‍ക്കാന്‍. ഖുറാനിലെയും ബൈബിളിലെയും ചില വാക്കുകള്‍ ഒന്നാണെന്ന് തോന്നിയിട്ടുണ്ട്. ഭഗവത്ഗീതയുടെ ഇംഗ്ലീഷ് പരിഭാഷ വായിക്കാറുണ്ട്. എല്ലാത്തിനും പുറമെ നല്ല ഒരു മനുഷ്യനായി ജീവിക്കുക എന്നതില്‍ ആണ് പ്രധാനം. നമ്മുടെ മനസിന്റെ നന്മയാണ് എല്ലാം’ എന്നും മീര ജാസ്മിന്‍ പറഞ്ഞു. ഗോസിപ്പുകളെ കുറിച്ച് ചിന്തിക്കാന്‍ തനിക്ക് സമയം ഇല്ലെന്നും മീര വീഡിയോയില്‍ പറയുന്നു. തന്നെ കടിച്ചു കീറാന്‍ വന്നാല്‍ മാത്രമെ പ്രതികരിക്കാറുള്ളൂവെന്നും ഉറങ്ങാന്‍ പോകുമ്പോള്‍ മനസാക്ഷിയോട് സംസാരിച്ചിട്ടേ ഉറങ്ങാറുള്ളൂവെന്നും മീര ജാസ്മിന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യന്‍ അന്തിക്കാട് മീര-ജയറാം കോമ്പിനേഷനില്‍ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഞാന്‍ തിരിച്ച് വരികയാണെന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷഭരിതരാണെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ആ സന്തോഷമാണ് എന്നെ നയിക്കുന്നത്. ഇടയ്ക്ക് കുറച്ചുകാലം സിനിമയില്‍ നിന്നും ഗ്യാപ്പെടുത്തിരുന്നു. ഇനി സജീവമായുണ്ടാവും.

ബോളിവുഡ് സിനിമ തന്നെ മലയാളത്തെ മാതൃകയാക്കുന്ന കാലമാണിത്. ഇന്റലിജന്റായ പ്രേക്ഷകരാണ് മലയാളത്തിലേത്. ലോഹിതദാസിന്റെ തിരക്കഥ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്. ഞാന്‍ മാത്രമല്ല മഞ്ജു വാര്യരുള്‍പ്പടെയുള്ള നായികമാരും അദ്ദേഹത്തിന്റെ അഭാവം പ്രകടമായി അറിയുന്നുണ്ട്. രസതന്ത്രം, അച്ചുവിന്റെ അമ്മ തുടങ്ങി താനും സത്യന്‍ അന്തിക്കാടും നേരത്തെ ഒരുമിച്ച സിനിമകളുമായി ഈ ചിത്രത്തെ താരതമ്യപ്പെടുത്തരുത്. ഇതുമൊരു സത്യന്‍ അന്തിക്കാട് ചിത്രം തന്നെയാണ്. എനിക്ക് കിട്ടിയിരിക്കുന്നത് മികച്ച കഥാപാത്രത്തെയാണ്. രണ്ടാം വരവില്‍ ഇത് നല്ലൊരു തുടക്കമാവട്ടെയെന്ന് ആഗ്രഹിക്കുന്നു. നല്ല കഥാപാത്രങ്ങളും സിനിമകളും തന്നെ തേടിയെത്തുമെന്നാണ് കരുതുന്നതെന്നുമായിരുന്നു മീര പറഞ്ഞത്.

ജയറാമിന് പുറമെ ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. നിര്‍മ്മാണം സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്. ഹരിനാരായണനാണ് സിനിമയിലെ ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത്. മീര ജാസ്മിന്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Vijayasree Vijayasree :