തന്റെ കുടുംബ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞേനെ, മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല; ‘സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റായി’ എത്തിയ ബിന്ദു കൃഷ്ണയെ വാരി ഭിത്തിയിലൊട്ടിച്ച് മേതില്‍ ദേവിക

നര്‍ത്തകിയായ മേതില്‍ ദേവിക കൊല്ലം എംഎല്‍എയും നടനുമായ മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേരാണ് പ്രത്കരണവുമായി എത്തിയത്. ഈ വിഷയം രാഷ്ട്രീയ വല്‍ക്കരിച്ച് സോഷയ്ല്‍ മീഡിയയിലടക്കം മുകേഷിനെതിരം വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മേതില്‍ ദേവിക. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വിവാഹം ബന്ധം വേര്‍പിരിയുന്നത്. നോട്ടീസ് അയച്ചെങ്കിലും ഇക്കാര്യത്തില്‍ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മേതില്‍ ദേവിക മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും ബന്ധം വേര്‍പിരിയുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തിയിരുന്നു. മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്നായിരുന്നു ബിന്ദു കൃഷ്ണ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. എന്നാല്‍ തനിക്ക് മുകേഷുമായി പ്രശ്നങ്ങളുണ്ടെങ്കിലും അതില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ലെന്ന് മേതില്‍ ദേവിക വ്യക്തമാക്കി. ഇതിന്റെ പേരില്‍ മുകേഷിനെ കുറ്റക്കാരനാക്കരുത്. തന്റെ കുടുംബ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ നേരത്തെ തന്നെ തുറന്ന് പറഞ്ഞേനെ എന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

മേതില്‍ ദേവികയുടെ വാക്കുകള്‍:

‘അഭിഭാഷകന്‍ വഴി ഡൈവേഴ്സ് നോട്ടീസ് കൊടുത്തിട്ടുണ്ട്. അതിന്റെ മുഴുവന്‍ തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ല. അത് അതിന്റെ വഴിക്ക് നടക്കുകയാണ്. പ്രശ്നങ്ങള്‍ വക്കീല്‍ വഴി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു സമയമാണിത്. പക്ഷെ നിയമപരമായി വിവാഹ മോചനത്തിനുള്ള നോട്ടീസാണ് ഞാന്‍ ഫൈല്‍ ചെയ്തിരിക്കുന്നത്. വ്യക്തപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത്. പിന്നെ ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ.

അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണല്ലോ അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല. ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ.

പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം. യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതയാവുന്നത്.

ബന്ധം വേര്‍പിരിഞ്ഞാല്‍ എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.

ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നും മേദില്‍ ദേവിക പറഞ്ഞു.

Vijayasree Vijayasree :