‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വിലക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

പ്രിയദര്‍ശന്റെ സംവിധനത്തില്‍ മോഹന്‍ലാല്‍ നായകനായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തെ പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കുഞ്ഞാലി മരക്കാരുടെ പിന്തുടര്‍ച്ചക്കാരിലുള്‍പ്പെട്ട മുഫീദ അരാഫത്ത് മരക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിര്‍ദേശം. സിനിമയില്‍ കുഞ്ഞാലി മരക്കാരുടെ ജീവിതകഥ വളച്ചൊടിച്ചെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോഴിക്കോട് സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. സിനിമയുടെ ടീസറില്‍ നിന്ന് കുഞ്ഞാലി മരക്കാരുടെ ജീവിതവും കാലവും വളച്ചൊടിച്ചുള്ള ചിത്രീകരണമാണെന്ന് മനസ്സിലാക്കിയെന്നും മരക്കാര്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17-ന് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നല്‍കിയ പരാതി കേന്ദ്ര മന്ത്രാലയത്തിനു കൈമാറിയെന്ന് അറിയിച്ചിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് ഈ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

Vijayasree Vijayasree :