വിവാദമുണ്ടായ സ്ഥിതിക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു തരട്ടെ; ‘മരക്കാറി’നു വേണ്ടി തിയേറ്ററുകള്‍ക്കു ബ്ലാങ്ക് ചെക്ക് നല്‍കി നിര്‍മ്മാതാക്കള്‍

മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ മരയ്ക്കാറിനെ കുറിച്ച് പുറത്തു വരുന്ന ഒരു വാര്‍ത്തയാണ് വൈറലാകുന്നത്. ‘മരക്കാറി’നു വേണ്ടി തിയേറ്ററുകള്‍ക്കു ബ്ലാങ്ക് ചെക്ക് നല്‍കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

കേരളത്തിലെ എല്ലാ തിയറ്ററുകളിലേയ്ക്കും ആശിര്‍വാദ് സിനിമാസില്‍ നിന്നു കരാര്‍ മെയില്‍ നല്‍കി. കരാറില്‍ അഡ്വാന്‍സ് ഇഷ്ടമുള്ള തുക നല്‍കാനാണു പറഞ്ഞിരിക്കുന്നത്. എത്ര ദിവസം പ്രദര്‍ശിപ്പിക്കണമെന്നും പറയുന്നില്ല.

‘ആശിര്‍വാദും കേരളത്തിലെ തിയറ്ററുകളും തമ്മിലുള്ളതു 23 വര്‍ഷത്തെ കുടുംബ ബന്ധമാണ്. സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുടുംബത്തിനകത്തു ബഹളമുണ്ടാക്കാന്‍ നോക്കി. അതുകൊണ്ടാണു കൂടപ്പിറപ്പുകളെപ്പോലുള്ളവര്‍ക്ക് ഒരു നിബന്ധനയുമില്ലാത്ത കരാര്‍ നല്‍കിയത്. ഞങ്ങള്‍ മുന്‍പും എല്ലാ സിനിമയ്ക്കും അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. എല്ലാ നിര്‍മാതാക്കും അതാണു ചെയ്യുന്നത്.

‘മരക്കാറി’നു വേണ്ടി വാങ്ങിയ മുഴുവന്‍ തുകയും ഞാന്‍ തിരിച്ചു കൊടുത്തു. വിവാദമുണ്ടായ സ്ഥിതിക്ക് അവര്‍ക്ക് ഇഷ്ടമുള്ളതു തരട്ടെ. അവര്‍ ഒരോരുത്തരും കഴിവിന്റെ പരമാവധി അഡ്വാന്‍സ് നല്‍കുമെന്നു എന്നെ വിളിച്ചു പറയുന്നുണ്ട്. ഒരു പൈസപോലും ഞാന്‍ പറയുന്നില്ല’ എന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

നേരത്തെ തിയേറ്ററിലെ പ്രദര്‍ശനാനുമതിക്കായി 40 കോടി രൂപ വേണമെന്നാവശ്യപ്പെട്ടതോടെയാണു ‘മരക്കാര്‍’ വിവാദമായത്. ഇതോടെ ചിത്രം തിയറ്ററില്‍നിന്നു ഒടിടിയിലേക്കു മാറാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ചിത്രം തിയേറ്ററില്‍ തന്നെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Vijayasree Vijayasree :