പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്, ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളാണ്’; ആശംസകളുമായി മമ്മൂട്ടി

രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു അധ്യയന വര്‍ഷം കൂടി കടന്നു പോകുകയാണ്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം എന്നപോലെ തന്നെ ഇക്കുറിയും ക്ലാസുകള്‍ ഡിജിറ്റലായാണ് നടക്കുന്നത്. ഈ ദിനത്തില്‍ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുയാണ് മമ്മൂട്ടി.

വീഡിയോയിലൂടെയാണ് മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. എസ്‌ഐഇടിയുടെ ആഭിമുഖ്യത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ. സംവിധായകന്‍ അജയ് വാസുദേവ് ഉള്‍പ്പടെയുള്ളവരാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രിയപ്പെട്ട കൂട്ടുകാരെ പുതിയൊരു അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഓടിവരും. പുതിയ പുസ്തകങ്ങള്‍, പുതിയ ഉടുപ്പുകള്‍, പുതിയ ബാഗ്, പുതിയ കുട, പുതിയ കൂട്ടുകാര്‍, പുതിയ ക്ലാസ്സ്റൂം, പുതിയ അധ്യാപകര്‍ അങ്ങനെ പലതും പലതും. പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

കാലം ഒട്ടും നമുക്ക് അനുകൂലമല്ല. നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒരുക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍ ഒരുക്കി നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി. ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയില്‍ പഠിക്കുക. ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക എന്നാണ് മമ്മൂട്ടി പറഞ്ഞത്.

Vijayasree Vijayasree :