നിന്റെ അമ്മയാണ് ഈ കിടക്കുന്നത് എന്ന് പറഞ്ഞു തീര്‍ന്നതും അവന്‍ തേങ്ങി കരയാന്‍ തുടങ്ങി, അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ച ഘടകം അതായിരുന്നു, പ്രണവിനെ കുറിച്ച് പറഞ്ഞ് മേജര്‍ രവി

മലയാളകള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മേജര്‍ രവി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രിയേട്ടന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അപ്പുവിനെ ഒരു നിമിത്തം പോലെയായിരുന്നു എന്റെ ആദ്യസിനിമയായ പുനര്‍ജനിയില്‍ അഭിനയിപ്പിക്കുന്നത്. കഥാകൃത്ത് രാജേഷ് അയ്മനക്കരയുടെ നിര്‍ദ്ദേശമായിരുന്നു അത്. അന്ന് കുട്ടിയായിരുന്ന അപ്പുവിനോട് ഞാനാണ് കഥപറഞ്ഞു കൊടുത്തത്, കൂടെ സുചിയും ഉണ്ടായിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ ഷൂട്ട്‌ചെയ്തത് പട്ടാമ്പിയിലായിരുന്നു. ഞാനും എന്റെ കുടുംബവും അപ്പുവിനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരികയായിരുന്നു. എന്റെ വീട്ടിലാണ് അപ്പു താമസിച്ചത്.

പടത്തില്‍ അപ്പുവിന്റെ ഒരു നിര്‍ണായക രംഗമുണ്ട്. അമ്മ മരിച്ചുകഴിഞ്ഞു ചിതയ്ക്കരികില്‍ വരുന്ന രംഗമാണ്. അവനെ ആ ഇമോഷനിലേയ്ക്ക് എത്തിക്കാന്‍വേണ്ടി ഞാന്‍ ഇങ്ങനെ പറഞ്ഞു. ‘നീ സുചിയെ കാണാനാണ് വരുന്നത്. അമ്മയാണ് ഈ കിടക്കുന്നത്.’ ഇത് പറഞ്ഞു തീര്‍ന്നതും അവന്‍ തേങ്ങി കരയാന്‍ തുടങ്ങി. ഒരു തുള്ളി ഗ്ലിസറിനിടാതെ അവന്‍ കരഞ്ഞു.

എന്റെയുള്ളിലെ സംവിധായകന്റെ സ്വാര്‍ത്ഥതയായിരുന്നു അവനോട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് ആ രംഗം മെച്ചമായി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അപ്പുവിന് കിട്ടി എന്നും മേജര്‍ രവി പറഞ്ഞു.

Vijayasree Vijayasree :