മാധവിയുടെ ആഗ്രഹ പ്രകാരം ഗുരുവായൂരിലെ കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്ന് ശയനപ്രദക്ഷിണം നടത്തി; പിറ്റേന്ന് മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല; വൈറലായി നിര്‍മ്മാതാവിന്റെ വാക്കുകള്‍

കാലങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകര്‍ ഇന്നും മറക്കാത്ത മുഖമാണ് നടി മാധവിയുടേത്. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായും, ആകാശദൂതിലെ ആനിയായും വെള്ളിത്തിരയില്‍ തിളങ്ങിയ മാധവി മലയാളത്തിന്റെ ഭാഗ്യ നായികയായിരുന്നു. വടക്കന്‍ വീരഗാഥയിലൂടെയാണ് മാധവി ശ്രദ്ധിക്കപ്പെടുന്നത്. 1976 ല്‍ പുറത്ത് ഇറങ്ങിയ തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, തമിഴ്,കന്നട, ഹിന്ദി, ബംഗാളി, ഒറിയ എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. എല്ലാ ഭാഷകളിലും നടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നു.

1976-ല്‍ പുറത്തിറങ്ങിയ തൂര്‍പു പഡമര എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്രലോകത്ത് ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മാറോചരിത്ര എന്ന തെലുഗുചിത്രത്തില്‍ ഉപനായികയുടെ വേഷത്തിലേക്ക് മാധവിയെ തെരഞ്ഞെടുത്തു. 1981-ല്‍ ഈ ചിത്രം ഏക് ദൂജെ കേലിയെ എന്ന പേരില്‍ ഹിന്ദിയില്‍ പുനര്‍നിര്‍മ്മിച്ചപ്പോഴും മാധവി തന്നെ അഭിനയിച്ചു. മാധവിയുടെ അഭിനയം ഹിന്ദി ചലച്ചിത്ര മേഖലയില്‍ ശ്രദ്ധിക്കപ്പെടുകയും ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

1980ല്‍ ആണ് നടി മലയാളത്തില്‍ എത്തുന്നത്. പ്രേം നസീര്‍, കെ.പി. ഉമ്മര്‍ പ്രധാന വേഷത്തില്‍ എത്തിയ ലാവ എന്ന ചിത്രത്തിലൂടെയായിരുന്നു മോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. ഇതിന് ശേഷം മലയാളത്തില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. ഹരിഹരന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മാധവി മലയാള സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയായിരുന്നു. ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തെ പക്വമായ അഭിനയശൈലിയിലൂടെ മാധവി മനോഹരമാക്കിയിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ വാക്കുകള്‍. വടക്കന്‍ വീരഗാഥ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓര്‍മ്മകളാണ് നിര്‍മ്മാതാവ് പങ്കുവെച്ചിരിക്കുന്നത്. മാധവി ഗുരുവായൂരില്‍ ശയനപ്രദക്ഷിണം നടത്തിയതും തുടര്‍ന്ന് സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തിലാക്കിയതിനെ കുറിച്ചുമാണ് നിര്‍മ്മാതാവ് പറയുന്നത്. വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ് ഗുരുവായൂരില്‍ നടക്കുകയായിരുന്നു.

ഒരു ദിവസം പുലര്‍ച്ചെ മാധവിക്ക് ശയനപ്രദക്ഷിണം നടത്തണമെന്ന് ഒരു ആഗ്രഹം. അവിടെയുള്ള കുളത്തില്‍ തന്നെ കുളിച്ച് ഈറനോടെ വന്നാണ് മാധവി ശയനപ്രദക്ഷിണം നടത്തിയത്. അതുകഴിഞ്ഞ് കുളിച്ച് ഈറനായിത്തന്നെ തൊഴുതു. അപ്പോഴേക്കും ചുറ്റിലും ആളുകൂടി. അതിന്റെ പിറ്റേന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്നു. ഇനി മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. അന്നു മുതല്‍ ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണമില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

1996 ല്‍ റാല്‍ഫ്ശര്‍മ്മ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തതോടെ അഭിനയം നിര്‍ത്തിയ മാധവി ഭര്‍ത്താവിനോടൊപ്പം ന്യൂജഴ്‌സിയില്‍ താമസിക്കുകയായിരുന്നു. മാധവിയുടെ ആത്മീയ ഗുരുവായ സ്വാമി രാമയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ശിഷ്യന്‍കൂടിയായ റാല്‍ഫ് ശര്‍മ്മയെ മാധവി വിവാഹം കഴിച്ചത്. പാതി ഇന്ത്യനും പാതി ജര്‍മ്മനുമായ ബിസിനസ്സുകാരനായിരുന്നു റാല്‍ഫ്. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫിയില്‍വെച്ചാണ് തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ റാല്‍ഫ്ശര്‍മ്മ സ്വാമിയെ ഗുരുവായി സ്വീകരിക്കുന്നത്. 1995 ലാണ് മാധവി ഗുരുവിന്റെ ശിഷ്യയായത്. ഗുരുവാണ് ഇരുവരെയും പരസ്പരം പരിചയെപ്പെടുത്തിയത്. അധികം വൈകാതെ ഗുരുവിന്റെ നിര്‍ദേശപ്രകാരം അവര്‍ വിവാഹിതരാവുകയും ചെയ്തു.

Vijayasree Vijayasree :