സിനിമയിലെ സാംസ്‌കാരിക കേരളത്തിന് അപമാനം; വിവാദങ്ങള്‍ക്ക് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യ്ക്ക് ട്രോളുകളുടെ പെരുമഴ

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ‘ചുരുളി’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ചിത്രത്തിലെ തെറി സംഭാഷണങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ് ട്രോള്‍ ഗ്രൂപ്പുകളിലും സിനിമാ ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയായി മാറുന്നത്. ചിത്രത്തിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

ചുരുളി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍ ആവശ്യപ്പെടുന്നത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നു. സോണി ലൈവിലാണ് ചുരുളി റിലീസായത്.

മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ല എന്നാണ് നടന്‍ വിനയ് ഫോര്‍ട്ട് വ്യക്തമാക്കുന്നത്. ക്രിമിനലുകള്‍ മാത്രമേ താമസിക്കുന്ന സ്ഥലത്ത് ആണ് പോകുന്നത്. അവര്‍ സംസാരിക്കുന്ന ഭാഷയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.

അവര്‍ സഭ്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ ആയിരിക്കില്ലല്ലോ. തനിക്ക് തോന്നുന്നു മലയാള സിനിമാ ചരിത്രത്തില്‍ ഇത്രയധികം തെറി ഉപയോഗിച്ചിട്ടുള്ള മറ്റൊരു സിനിമ ഉണ്ടാകില്ലെന്ന്. പക്ഷേ, തെറി പറയാന്‍ വേണ്ടി തെറി പറഞ്ഞിട്ടില്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. അതാണ് അതിന്റെ സൗന്ദര്യം എന്നാണ് വിനയ് പറയുന്നത്.

അതേസമയം, ചുരുളിയില്‍ തെറിയുണ്ടെങ്കില്‍ അത് സിനിമയുടെ കഥ ആവശ്യപ്പെടുന്നതു കൊണ്ടാണെന്ന് നടന്‍ ചെമ്പന്‍ വിനോദ് നേരത്തെ വ്യക്തമാക്കിരുന്നു. തെറി പറയാന്‍ വേണ്ടി ആരും സിനിമ നിര്‍മ്മിക്കില്ലല്ലോ എന്ന് ചെമ്പന്‍ വിനോദ് പറഞ്ഞിരുന്നു.

Vijayasree Vijayasree :