മമ്മൂട്ടി നടനവൈഭവത്തിന്റെയും കരുത്തിന്റെയും പ്രതീകം; മെഗാസ്റ്റാറിന് ആശംസകളുമായി ശൈലജ ടീച്ചര്‍

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയായിരുന്നു ടീച്ചറുടെ പ്രതികരണം.

‘നടനവൈഭവത്തിന്റെയും കരുത്തിന്റെയും പ്രതീകമായ കേരളത്തിന്റെ പ്രിയപ്പെട്ട ശ്രീ മമ്മൂട്ടി അഭിനയജീവിതത്തിന്റെ അമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ഒട്ടേറെ വേഷങ്ങളാണ് അദ്ദേഹം പകര്‍ന്നാടിയത്. ഒരു ജീവിതത്തില്‍ ഒട്ടേറെ ജീവിതങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുക എന്നതാണ് കലാകാരന്റെ ഭാഗ്യം.

ഒപ്പം അതൊരു സമ്മര്‍ദ്ദവുമാണ്. സുകുമാര കഥാപാത്രങ്ങളോടൊപ്പം പൊന്തന്‍മാടയേയും ആവാഹിക്കാന്‍ കഴിയുന്നതാണ് മമ്മൂട്ടിയുടെ വിജയം. ഒപ്പം സ്വന്തം നാടിന്റെ സാമൂഹ്യ പ്രശ്നങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കേരളത്തിന്റെ പ്രിയനടന് സ്നേഹാശംസകള്‍’ എന്നാണ് ടീച്ചര്‍ കുറിച്ചത്.

അതേസമയം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ എന്ന ചിത്രമാണ് ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അമല്‍ നീരദും ദേവദത്ത് ഷാജിയുമാണ്. ആര്‍ ജെ മുരുകനാണ് സംഭാഷണ സഹായി. അനേദ് സി ചന്ദ്രന്‍ ഛായാഗ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്. സംഗീത സംവിധാനം സുഷിന്‍ ശ്യാം.

Vijayasree Vijayasree :