കോവിഡ് രണ്ടാം തരംഗം വന്നില്ലായിരുന്നുവെങ്കില്‍ ഇന്ന് റോക്കി ഭായി തരംഗമായേനേ..! സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് റോക്കി ഭായുടെ വരവിനായി. കെജിഎഫ് ആദ്യ ഭാഗത്തിന് ലഭിച്ച പിന്തുണയുടെ ഇരട്ടിയാണ് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്. കോവിഡ് രണ്ടാം തരംഗം മൂലമാണ് കെജിഎഫ് 2വിന്റെ റിലീസ് മാറ്റിവെക്കേണ്ടി വന്നത്. ഇന്ത്യയൊട്ടാകെ ഇന്ന് കെജിഎഫ് 2 റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

രണ്ടാമതും ലോക്ക്ഡൗണ്‍ വന്നില്ലായിരുന്നെങ്കില്‍ ഇന്ന് റോക്കി ഭായി ആയിരിക്കും സോഷ്യല്‍ മീഡിയ അടക്കി വാണിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് റോക്കി ഭായും കെജിഎഫ് ടുവും.

കൊവിഡ് രണ്ടാം തരംഗം ഇല്ലായിരുന്നെങ്കില്‍ ഇന്ന് റോക്കി പ്രേക്ഷകരിലേക്ക് എത്തിയേനെ എന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പ്രേക്ഷകര്‍ പറയുന്നത്. ഇതേ സംബന്ധിച്ച് ഇതിനോടകം നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമത്തില്‍ വൈറലായിക്കഴിഞ്ഞു. ട്വിറ്ററില്‍ കെജിഎഫ് ചാപ്പറ്റര്‍ 2 എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങായിരുന്നു.

അതേസമയം ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ കുറച്ച് ദിവസം മുമ്പ് അറിയിച്ചിരുന്നു. കെജിഎഫ് 2 എന്തായാലും തിയറ്റര്‍ റിലീസ് തന്നെയായിരിക്കുമെന്നും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.

2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :