‘ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’; എന്നോടൊപ്പം സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നെങ്കിലോ…, കങ്കണ പറയുന്നു

നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കര്‍ഷകര്‍. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ വച്ചാണ് കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ കര്‍ഷകര്‍ നടിയുടെ കാര്‍ തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ നടി വിമര്‍ശിച്ചിരുന്നു.

ഇതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ നടപടി. കര്‍ഷകര്‍ കാറ് തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ തന്നെ വളഞ്ഞ്, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.

”ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആള്‍ക്കൂട്ടം പരസ്യമായി മര്‍ദിക്കുകയാണ്. എന്നോടൊപ്പം സുരക്ഷാ ജീവനക്കാര്‍ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.”

”ഇവിടുത്തെ സാഹചര്യം അവിശ്വസനീയമാണ്. ഞാന്‍ ഒരു രാഷ്ട്രീയക്കാരിയാണോ? എന്താണ് ഇങ്ങനെ പെരുമാറുന്നത്?” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. പ്രതിഷേധ സംഘത്തിലെ സ്ത്രീകളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കങ്കണയെ പോകാന്‍ അനുവദിച്ചത്. പഞ്ചാബ് പൊലീസും സിആര്‍പിഎഫും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഇവര്‍ക്കു നന്ദി പറയുന്നതായും കങ്കണ പറഞ്ഞു.

Vijayasree Vijayasree :