കോവിഡ് കാരണം ദുരിതത്തിലായിരിക്കുകയാണ് സിനിമ മേഖല. ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ച് തൊഴില്‍ ചെയ്യുന്നതിനാല്‍ തന്നെ കോവിഡിനെ പേടിച്ച് മുന്നോട്ട് പോകാനാകാതെ നില്‍ക്കുകയാണ് സിനിമ. എന്നാല്‍ ഇപ്പോഴിതാ മലയാള സിനിമയ്ക്ക് പിന്തുണയേകാന്‍ പുതിയൊരു ഒടിടി പ്ലാറ്റ്ഫോം കൂടി ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
‘ജയ് ഹോ’ എന്ന പേരില്‍ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ജൂലൈ പതിനഞ്ച്, വ്യാഴാഴ്ച്ച കൊച്ചിയില്‍ നടക്കുമെന്നാണ് വിവരം. കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവര്‍ത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
നിര്‍മ്മാതാവ് ജീവന്‍ നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത് കൃഷ്ണ, വിജി ചെറിയാന്‍, അരുണ്‍ ഗോപിനാഥ് എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കമ്പനി പ്രാരംഭ പ്രവര്‍ത്തനങ്ങളിലായിരുന്നു.
‘പ്രദര്‍ശനത്തിനു കാത്തു കിടക്കുന്ന സിനിമകള്‍ക്ക് ആശ്വാസകരമായ സഹായങ്ങള്‍ നല്‍കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യമാണ്. ധാരാളം ചിത്രങ്ങളാണ് ഇത്തരത്തില്‍ മലയാള സിനിമയില്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ് മഹാമാരിയുടെ രൂക്ഷതയില്‍ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും’എന്നും ജീവന്‍ നാസര്‍ പറഞ്ഞു.
ഫീച്ചര്‍ ഫിലുമുകള്‍, വെബ് സീരിസുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, മറ്റു കലാസൃഷ്ടികള്‍ തുടങ്ങിയവയൊക്കെ നിര്‍മ്മിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിക്കുകയാണ് ‘ജയ് ഹോ’ എന്ന ഈ പ്ലാറ്റ്ഫോമിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് ജീവന്‍ നാസര്‍ വ്യക്തമാക്കി. നിരവധി കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.