ഇന്ത്യന്‍ 2 വിവാദത്തില്‍ ലൈക്ക പ്രൊഡക്ഷന്‍സിന് തിരിച്ചടി; സ്റ്റേ തള്ളി ചെന്നൈ ഹൈക്കോടതി

കമല്‍ ഹസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിവാദത്തില്‍ സംവിധായകന്‍ ശങ്കറിനെതിരെയുള്ള സ്റ്റേ തള്ളി. ചെന്നൈ ഹൈക്കോടതിയാണ് സ്റ്റേ തള്ളിയത്. ഇന്ത്യന്‍ 2ന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ശങ്കറിനെതിരെ കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം ശങ്കര്‍ മനപ്പൂര്‍വ്വം വൈകിക്കുകയാണെന്നും അതിനാല്‍ ഇന്ത്യന്‍ 2 പൂര്‍ത്തിയാകുന്നത് വരെ ശങ്കര്‍ മറ്റ് ചിത്രങ്ങള് സംവിധാനം ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ താനല്ല ചിത്രീകരണം വൈകുന്നതിന്റെ കാരണമെന്ന് ശങ്കര്‍ നേരത്തെ തന്നെ കോടതിയെ ബോധിപ്പിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സും, നായകനായ കമല്‍ ഹാസനും ചിത്രീകരണം വൈകുന്നതില്‍ കാരണക്കാരാണെന്ന് ശങ്കര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കോടതിക്ക് ഇതില്‍ ഒന്നും ചെയ്യാനാവില്ല. അതിനാല്‍ സംവിധായകനും നിര്‍മ്മതാക്കളും ഒരുമിച്ച് ഇരുന്ന ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുക എന്നാണ് കോടതി നിര്‍ദ്ദേശിച്ചത്.

അന്തരിച്ച നടന്‍ വിവേക് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങളെല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യണമെന്നും നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു. കൂടാതെ കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്. പിന്നീട് ക്രെയിന്‍ അപകടം സംഭവിച്ചു. ഇതെല്ലാം ഷൂട്ടിങ്ങ് മുടങ്ങാന്‍ കാരണമായി. അതേസമയം കൊവിഡ് കാരണം ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്നും ശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.

Vijayasree Vijayasree :