ഇളയരാജ ഈണം നല്‍കിയ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നാല് സംഗീത വിതരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്; നടപടി ഇളയരാജ നല്‍കിയ ഹര്‍ജിയില്‍

ഭാഷ ഭേദമന്യേ സംഗീത ആസ്വാദകര്‍ നെഞ്ചിലേറ്റിയ ഗാനങ്ങളാണ് സംഗീത സംവിധായകന്‍ ഇളയരാജയുടേത്. ഇപ്പോഴിതാ ഇളയരാജ ഈണം നല്‍കിയ ഗാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സംഗീത വിതരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്. നാല് സംഗീത സ്ഥാപനങ്ങളെയാണ് മദ്രാസ് ഹൈക്കോടതി വിലക്കിയത്. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്.

ഈ കമ്പനികളുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നല്‍കിയ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ഹര്‍ജി പരിഗണിച്ച ഏകാംഗ ബഞ്ച് ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരേ ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പകര്‍പ്പവകാശ നിയമം പരിഗണിക്കാതെയാണ് ഏകാംഗ ബഞ്ച് ഹര്‍ജി തള്ളിയതെന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന് മുമ്ബാകെ ഇളയരാജ വാദിച്ചത്.

ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നും വിശദീകരിച്ചു. ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.

തന്റെ പാട്ടുകള്‍ ഗാനമേളകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍ക്കണമെന്നാവശ്യപ്പെട്ട് ഏതാനും വര്‍ഷം മുമ്ബ് ഇളയരാജ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. അടുത്ത സുഹൃത്തായ എസ്പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജ നോട്ടീസ് അയച്ചിരുന്നു. പണം വാങ്ങിയുള്ള പരിപാടികള്‍ക്ക് തന്റെ പാട്ട് പാടിയാല്‍ റോയല്‍റ്റി ലഭിക്കണമെന്നായിരുന്നു അന്ന് ഇളയരാജയുടെ ആവശ്യമുന്നയിച്ചത്.

Vijayasree Vijayasree :