ഗിരീഷ് പാട്ട് എഴുതിയ പേപ്പര്‍ ഞാന്‍ വലിച്ചു കീറി കളഞ്ഞു; ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി; ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകളുമായി മേജര്‍ രവി

മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച് യാത്രയായ ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി. ഇ്‌പ്പോഴിതാ അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. ‘എല്ലാ പടത്തിലും താനും ഗിരീഷും തമ്മില്‍ വഴക്കായിരുന്നുവെന്നും കുരുക്ഷേത്ര എന്ന സിനിമയ്ക്കായി ‘ഒരു യാത്രാമൊഴിയോടെ’ എന്ന ഗാനം ഗിരീഷ് എഴുതിയ കടലാസ് താന്‍ കീറിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍.

ഗിരീഷ് ‘ഒരു യാത്രാമൊഴിയോടെ’ എന്ന് എഴുതി. പാട്ടിന്റെ അവസാനത്തില്‍ ബിജു മേനോന്റെ ബോഡി കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടി കണ്ണീരോടെ ഒരു സല്യൂട്ട് കൊടുക്കുന്നുണ്ട്. അവളുടെ വോയ്സില്‍ ഞാന്‍ നിങ്ങളെ ഏഴ് ജന്മം വരെ കാത്തിരിക്കാമെന്ന് പറയുന്നതായിട്ട് വേണമെന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞു.

ഓക്കെ ശരി എന്ന് പറഞ്ഞ് ഗിരീഷ് എന്നെ പറഞ്ഞയച്ചു. വൈകീട്ട് പാട്ട് കേട്ടു. എഴുതിയിരിക്കുന്നത് ശരിയായില്ലെന്ന് ഞാന്‍ പറഞ്ഞു. ഗിരീഷ് എന്നെ ഇങ്ങനെ നോക്കി ഇരിക്കുകയാണ്. അവന് വൈകീട്ടത്തെ ട്രെയിനിന് നാട്ടിലേക്ക് പോകണം. ഗിരീഷ് പാട്ടെഴുതി കഴിഞ്ഞാല്‍ അവസാനത്തില്‍ ഒപ്പിടും. ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ മാറ്റില്ല.

വരികള്‍ക്ക് എന്താണ് പ്രശ്നമെന്ന് ഗിരീഷ് ചോദിച്ചു. പാട്ടിന്റെ അവസാനം ഏഴ് ജന്മം കാത്തിരിക്കാമെന്ന തരത്തില്‍ വരണമെന്ന് ഞാന്‍ പറഞ്ഞു. ഇതെന്താ പട്ടാളക്യാമ്പാണോ എന്ന് ചോദിച്ച് ഗിരീഷ് അങ്ങ് എഴുന്നേറ്റു. ഞാനും വിട്ടുകൊടുത്തില്ല. ഗിരീഷ് പേപ്പര്‍ എന്റെ നേര്‍ക്ക് ഇട്ടപ്പോള്‍ അതെടുത്ത് ഞാന്‍ കീറി.

ഞാന്‍ അതില്‍ ഒപ്പിട്ടെന്നും ഇനി മാറ്റില്ലെന്നുമായി ഗിരീഷ്. മാറ്റില്ലെങ്കില്‍ വേണ്ട ഞാന്‍ ഇതു കീറുകയാണെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു വരി വായിച്ചുനോക്കി. ‘കാത്തിരിക്കാം കാത്തിരിക്കാം. എഴുകാതരജന്മം ഞാന്‍’ എന്ന് ഗിരീഷ് എഴുതിയിരിക്കുന്നു. അതായിരുന്നു എനിക്ക് വേണ്ടതും. ഞാന്‍ കാശിന്റെ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് നിന്റെ കാശൊന്നും വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. അങ്ങനെയായിരുന്നു ഞങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :