സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും കേരളത്തിലെ സിനിമാ ചിത്രീകരണം വൈകും, പീരുമേട്ടില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു

കേരളത്തില്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സിനിമാ ചിത്രീകരണം വൈകുമെന്ന് വിവരം. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിംഗ് പുനരാരംഭിക്കുകയുള്ളൂ. സിനിമാ ചിത്രീകരണത്തിന് മാര്‍ഗ രേഖ നിശ്ചയിക്കാന്‍ സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി.

ഇന്ന് രാവിലെ പീരുമേട്ടില്‍ ആരംഭിച്ച സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും സംഘടനകള്‍ നിര്‍ദേശിച്ചു. ആദ്യ ഡോസ് കോവിഡ് വാക്സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ.

ഒരു കാരണവശാലും ഈ നിബന്ധനകള്‍ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിര്‍മ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു. അതേസമയം, പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂള്‍ കേരളത്തിലേക്കു മാറ്റും.

നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള തെലങ്കാനയിലെ ഷൂട്ടിംഗ് രണ്ടാഴ്ച നീണ്ടു നില്‍ക്കും. ഇതിന് ശേഷമാകും സിനിമ കേരളത്തില്‍ ചിത്രീകരിക്കുക. മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാന്റെ ചിത്രീകരണം നേരത്തെ നിശ്ചയിച്ചതു പോലെ ഇടുക്കിയില്‍ നടക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.

Vijayasree Vijayasree :