‘വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല’; മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ? എന്ന് പ്രിയദര്‍ശന്‍

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ബിവറേജുകളും തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. പലയിടത്തും സാമൂഹിക അകലം പാലിക്കാതെയാണ് പലരും മദ്യം വാങ്ങാന്‍ എത്തിയത്. പലയിടത്തും നീണ്ട നിരയാണ് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പറയുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. പാലക്കാട് ഒരു ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്‌സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?’ എന്നാണ് വീഡിയോ പങ്കുവെച്ച് പ്രിയദര്‍ശന്‍ ചോദിക്കുന്നത്.

അതേസമയം, 51 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മദ്യശാലകള്‍ തുറന്നത്. ഒറ്റ ദിവസം കൊണ്ടു തന്നെ 64 കോടി രൂപയുടെ മദ്യം വിറ്റുപോയി എന്നാണ് കണക്കുകള്‍. കേരളം വീണ്ടും ഇക്കാര്യത്തില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ബീവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രം 54 കോടിയുടെ മദ്യവില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള വില്‍പ്പനയും കഴിഞ്ഞ ദിവസം തകൃതിയായി നടന്നെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

സാധാരണ ദിവസങ്ങളില്‍ ബീവറേജസ് ഔട്ടലെറ്റുകള്‍ വഴി ശരാശരി 45 മുതല്‍ 50 കോടി രൂപ വരെയുള്ള വിദേശമദ്യം വിറ്റുപോകാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഘോഷ വേളകളില്‍ ഇത് ഏകദേശം 70 കോടിവരെ പോകാറുണ്ട്. കണ്‍സ്യൂമര്‍ ഫെഡുകള്‍ വഴി ഏകദേശം 6 മുതല്‍ 7 കോടി വരെ രൂപയുടെ മദ്യമാണ് വില്‍പ്പന നടത്താറുള്ളത്.

തമിഴ്നാട്ടിനോട് ചേര്‍ന്നുകിടക്കുന്ന പാലക്കാട് തേങ്കുറിശ്ശിയിലാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത്. 69 ലക്ഷം രൂപയുടെ വിദേശ മദ്യമാണ് തേങ്കുറിശ്ശിയില്‍ വിറ്റുപോയത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡില്‍ 66 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന ഇരിങ്ങാലക്കുടയില്‍ 65 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന കൂടുതലായി നടന്നത് ആലപ്പുഴയിലാണ്. 43.27 രൂപയുടെ മദ്യം ആലപ്പുഴയിലും 40.1 ലക്ഷം രൂപയുടെ മദ്യം കോഴിക്കോട് നിന്നും 40 ലക്ഷം രൂപയുടെ മദ്യം കൊയിലാണ്ടിയില്‍ നിന്നും വിറ്റുപോയി.

Vijayasree Vijayasree :