ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുകയാണ്. എന്നാല്‍ ഇതിനിടെ ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്ന ആരോപണം ഉയരുന്നുണ്ടെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് കോടതിയുടെ ഇത്തരമൊരു പരാമര്‍ശം.

ദിലീപിന് പ്രത്യേക പരിഗണന എന്ന ആരോപണത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സമാനമായ കാര്യം മറ്റു പ്രതികളും ആവശ്യപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല. ഹൈക്കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.

ഇതിനിടെ ദിലീപ് ഫോണുകള്‍ കോടതി അന്വേഷണ സംഘത്തിന് കൈമാറി. ഫോണുകളില്‍ തിരിമറി നടന്നുവെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. വധശ്രമം ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള പ്രോസിക്യൂഷന്റെ ഉപഹര്‍ജിയും ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറുന്നതില്‍ ദിലീപ് കടുത്ത എതിര്‍പ്പറയിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകളടക്കം പ്രതികള്‍ക്കെതിരെ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ഉടന്‍ നീക്കണമെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Vijayasree Vijayasree :