ഒരു ഡോസ് വാക്‌സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കും!?; ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒരു ഡോസ് വാക്‌സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗം പരിഗണിക്കും.

സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. തിയേറ്ററുകള്‍ വീണ്ടും തുറന്നിട്ടും പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിനോദ നികുതിയില്‍ ഇളവ് വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം യോഗം ചര്‍ച്ചചെയ്യും.

അതേസമയം മോഹന്‍ലാല്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ തിയറ്ററുകളിലെത്തിക്കുന്നതിനുള്ള ശ്രമം എന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. ഇതിന്റെ ഭാഗമായി സിനിമാ, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഈ വിഷയത്തില്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും.

ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഒത്തുതീര്‍പ്പ് ആണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്. ‘മരക്കാര്‍’ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനോടാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് മന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

തിയേറ്റര്‍ തുറക്കാത്തപ്പോഴാണ് ഓവര്‍ ദ് ടോപ്പ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍ പ്രസക്തമാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം മരക്കാര്‍ നിര്‍മ്മാതാവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Vijayasree Vijayasree :