ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്. ഇപ്പോഴിതാ ആമീര്‍ ഖാന് അഭിനയിച്ച പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ബിജെപി. തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് നടന് ആമിര്‍ ഖാന് ജനങ്ങളോട് ഉപദേശിക്കുന്ന സിയാറ്റ് ലിമിറ്റഡിന്റെ പരസ്യത്തിനെതിരെയാണ് കര്‍ണാടക ബിജെപി, എംപി അനന്ത്കുമാര്‍ ഹെഗ്ഡെ രംഗത്തു വന്നത്. പരസ്യത്തെ വിമര്‍ശിച്ച് ഇദ്ദേഹം കമ്പനിക്ക് കത്തയച്ചു.
‘തെരുവില്‍ പടക്കം പൊട്ടിക്കരുതെന്ന് ആമിര്‍ ഖാന് ജനങ്ങളോട് ഉപദേശിക്കുന്ന നിങ്ങളുടെ കമ്പനിയുടെ സമീപകാല പരസ്യം വളരെ നല്ല സന്ദേശമാണ് നല്‍കുന്നത്. പൊതു പ്രശ്നങ്ങളിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് കൈയടി ആവശ്യമാണ്.
എന്നാല്‍, റോഡുകളില്‍ ആളുകള്‍ നേരിടുന്ന ഒരു പ്രശ്നം കൂടി പരിഹരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വെള്ളിയാഴ്ചകളില്‍ നിസ്ക്കാരത്തിന്റെ പേരിലും മുസ് ലിങ്ങളുടെ മറ്റ് പ്രധാന ഉത്സവ ദിവസങ്ങളിലും റോഡുകള്‍ തടയുന്നതും പരിഹരിക്കണം,’ എന്നും ഹെഗ്ഡെ പറഞ്ഞു.
നിങ്ങള്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരായതിനാല്‍ നൂറ്റാണ്ടുകളായി ഹിന്ദുക്കളോടുള്ള വിവേചനം നിങ്ങള്‍ക്ക് അനുഭവപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ‘ഹിന്ദു വിരുദ്ധ അഭിനേതാക്കള്‍’ എന്ന സംഘം എപ്പോഴും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നന്നെന്നും കമ്പനിക്ക് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു.
