ജീവിത പ്രരാബ്ദങ്ങള്‍ക്കിടയില്‍ അഭിനയിക്കാന്‍ അവസരം തേടി നടക്കാനാകുമായിരുന്നില്ല, സാന്ത്വനത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് ബിജേഷ് അവണൂര്‍

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കി മുന്നേറുന്ന പരമ്പരകളില്‍ ഒന്നാണ് നടി ചിപ്പി കേന്ദ്ര കഥാപാത്രമായി എത്തുന്ന സാന്ത്വനം. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏട്ടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് സീരിയല്‍ പ്രേക്ഷകരിലേക്ക് എത്തിയത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സീരിയല്‍ ആയതു കൊണ്ടു തന്നെ പ്രേക്ഷകപ്രീതി സ്വന്തമാക്കാന്‍ കാല താമസം ഒന്നും വേണ്ടി വന്നില്ല. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. മാത്രമല്ല, സോഷയല്‍ മീഡിയയില്‍ ഫാന്‍സ് പേജുകളും ഉണ്ട്.

പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജേഷ് അവണൂര്‍ ആണ്. ഇപ്പോഴിതാ സീരയലിലേയ്ക്ക് താന്‍ എത്തിയതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. തൃശൂര്‍ ജില്ലയിലെ അവണൂര്‍ ആണ് എന്റെ നാട്. പ്ലസ്ടുവിനു ശേഷം കേരളവര്‍മയില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഇതോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ഇതിനിടെ ഗള്‍ഫിലേക്ക് പോകാന്‍ അവസരം വന്നു. അങ്ങനെ പഠനം അവസാനിപ്പിച്ച് ഗള്‍ഫിലേക്ക്. എന്നാല്‍ അവിടെയും വിധി വില്ലനായി.

സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. അഞ്ചു വര്‍ഷത്തെ ഗള്‍ഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തി. ഇവിടെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ ജോലിക്ക് കയറി. ഒപ്പം ഒരു സ്‌കൂളില്‍ ചിത്രരചന അധ്യാപകനായും പ്രവൃത്തിച്ചു. എന്നെങ്കിലും നടനാകും എന്നു ഞാന്‍ അപ്പോഴും വിശ്വസിച്ചിരുന്നു. പക്ഷേ ജീവിത പ്രരാബ്ദങ്ങള്‍ക്കിടയില്‍ അഭിനയിക്കാന്‍ അവസരം തേടി നടക്കാനാകുമായിരുന്നില്ല.

ടിക്ടോക്കിനെ എന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വേദിയായി കണ്ടു. എനിക്ക് ഏറെ പ്രിയപ്പെട്ട നടന്‍ മുരളി ചേട്ടനാണ്. അദ്ദേഹവും മറ്റു മഹാ നടന്മാരും അനശ്വരമാക്കിയ വേഷങ്ങള്‍ ടിക്ടോക്കില്‍ ചെയ്ത് ഞാന്‍ ആശ്വസം കണ്ടെത്തി. വിഡിയോകള്‍ക്ക് നല്ല റീച്ച് കിട്ടുമ്പോള്‍ സന്തോഷിക്കും.എന്റെ ടിക്ടോക് വിഡിയോകള്‍ ആരോ വഴി രഞ്ജിത്തേട്ടന്‍ കണ്ടു. സാന്ത്വനത്തിലേക്ക് ആളുകളെ അന്വേഷിക്കുന്ന സമയമായിരുന്നു അത്.

സീരിയലിലെ ചിപ്പി ചേച്ചിയുടെ കഥാപാത്രത്തിന്റെ സഹോദരനായ സേതുവിന് ഞാന്‍ അനുയോജ്യനാണെന്ന് സാറിന് തോന്നി. അങ്ങനെ എന്നെക്കുറിച്ച് അന്വേഷിക്കാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി സൂര്യ സാറിനോട് പറഞ്ഞു. പക്ഷേ മുന്‍പ് ഒരിക്കലും സീരിയലിന്റെ ഭാഗമായിട്ടില്ലാത്ത എന്നെക്കുറിച്ച് പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ ചോദിച്ചെങ്കിലും ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു. പിന്നെ എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി അതിലുള്ള ഒരു നമ്പറിലേക്കാണു വിളിച്ചത്.

Vijayasree Vijayasree :