ടികെ രാജിവ് കുമാറിന്റെ സംവിധാനത്തില്‍ ഷൈന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്ര ചിത്രമായി എത്തുന്ന ബര്‍മുഡ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ഫ്രൈഡേ ബില്‍ബോര്‍ഡ് പുറത്തിറക്കി. ചലച്ചിത്ര സംവിധായകന് നാദിര്‍ഷായുടെ പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളങ്ങ് ചിരിക്കുവാ’ എന്ന ടാഗ് ലൈനോടുകൂടി പങ്ക് വെച്ചിരിക്കുന്ന പോസ്റ്ററില്‍ വര്‍ത്തമാന കേരളത്തിലെ സംഭവങ്ങളെ രസകരമായി പ്രതിപാദിച്ചിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസ് വന്നപ്പോള്‍ മുതല്‍ നിരന്തരം ട്രോളുകളില്‍ ഉള്‍പ്പെടെ നിറഞ്ഞു നില്ക്കുന്ന യൂദാസിന്റെ വെള്ളി നാണയം, മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം എന്നിവയൊക്കെ പോസ്റ്ററില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഷൈന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരെ കൂടാതെ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, സുധീര്‍ കരമന, നിരഞ്ജന അനൂപ്, ധര്മജന്, നൂറിന് ഷെറീഫ്, ഗൗരി നന്ദ എന്നിവരാണ് പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.
അളഗപ്പന്, ഷെല്ലി കാലിസ്റ്റ് എന്നിവരാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണന് സംഗീതം. ഹരീഷ് കണാരന്, മണിയന്‍പിള്ള രാജു, സാജല്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, ഷൈനി സാറ, വീണ നായര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്.