ചത്തത് കീചകന്‍ ആണെങ്കില്‍ കൊന്നത് ദിലീപ് തന്നെ എന്ന് വരാതിരിക്കാന്‍ വേണ്ടിയാണത്; ഗ്രൂപ്പിലിട്ട് തട്ടണമെന്ന ദിലീപിന്റെ പരാമര്‍ശം വിശദീകരിച്ച് ബാലചന്ദ്രകുമാര്‍; ദിലീപിന്റെ വീടിനുള്ളില്‍ പോലും കയറാത്തവരാണ് ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നതെന്നും ബാലചന്ദ്രകുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള വാദ പ്രതിവാദങ്ങള്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇതിനു പിന്നാലെ ദിലീപിന്റേതെന്ന ഒരു ശബ്ദ സന്ദേശവും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന ദിലീപിന്റെ പരാമര്‍ശം കൂടുതല്‍ വിശദമാക്കി എത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാര്‍. ചത്തത് കീചകന്‍ ആണെങ്കില്‍ കൊന്നത് ദിലീപ് തന്നെ എന്ന് വരാതിരിക്കാന്‍ വേണ്ടിയാണ് അത്തരമൊരു നിര്‍ദേശം നല്‍കിയത്. ഒരു ഗ്രൂപ്പ് അറ്റാക്ക് നടക്കുന്നു, അതില്‍ നമ്മള്‍ ഉദേശിച്ച ആളും പെട്ടുന്നു എന്ന തരത്തിലാണ് ദിലീപ് സംസാരിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘വളരെ ആലോചിച്ചാണ് ദിലീപ് ഇത് പറഞ്ഞത്. ചത്തത് കീചകന്‍ ആണെങ്കില്‍ കൊന്നത് ദിലീപ് തന്നെ എന്ന് വരാതിരിക്കാന്‍ വേണ്ടിയാണ്. ഒരു ഗ്രൂപ്പ് അറ്റാക്ക് നടക്കുന്നു, അതില്‍ നമ്മള്‍ ഉദേശിച്ച ആളും പെട്ടുന്നു എന്ന അര്‍ത്ഥത്തിലാണ് ദിലീപ് സംസാരിച്ചത്. ഷാജി കൈലാസിന്റെ സിനിമയെ ഓര്‍മിപ്പിച്ച് കൊണ്ട് തന്നെയാണ് അദ്ദേഹം അത് വിശദീകരിച്ചത്. സിനിമയിലെ തട്ടിയ വിധമാണ് പറയുന്നത്. ഇതില്‍ വ്യക്തമായ മൊഴിയാണ് പൊലീസിന് കൈമാറിയിട്ടുള്ളത്.”

”ഇതിന് തുടര്‍ച്ചയായാണ് അനൂപ് മറുപടി നല്‍കിയത്. ചേട്ടന് കൊടുത്ത ഉപദേശമാണ് ആ മറുപടി. പൊലീസ് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നത് ടവര്‍ ലൊക്കേഷന്‍, സിഡിആര്‍ തുടങ്ങിയ കുറെ കാര്യങ്ങള്‍ വച്ചാണ്. ഒരു വര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത്., ഒരു ലിസ്റ്റും ഉണ്ടാക്കരുത്. ഇതിന് ദിലീപ് മറുപടിയും നല്‍കിയിട്ടുണ്ട്. അത് നിര്‍ഭാഗ്യവശാല്‍ റെക്കോര്‍ഡ് ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ പറഞ്ഞതെല്ലാം ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. അന്വേഷണസംഘം മുമ്പാകെ വിശദമായി പറഞ്ഞിട്ടുണ്ട്.”

”ഞാന്‍ റെക്കോര്‍ഡ് ചെയ്യുന്നത് ദിലീപ് കണ്ടിരുന്നെങ്കില്‍ തല്ലി കൊന്ന് ആറ്റില്‍ തള്ളിയേന്നേ. ദിലീപിന് എല്ലാവരെയും സംശയമാണ്. ചിലപ്പോള്‍ നമ്മുടെ ഫോണിലേക്ക് നോക്കിയിരിക്കും. ഇതാണ് തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കാത്തത്. ദിലീപിന്റെ എല്ലാ വാക്കുകളും ചലനങ്ങളും കണ്ട് അറിഞ്ഞയാളാണ് ഞാന്‍. അതുകൊണ്ടാണ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നത്. ദിലീപിന് ന്യായീകരിക്കാന്‍ വരുന്നവര്‍ക്ക് അത് മനസിലാവില്ല. ദിലീപിന്റെ വീടിനുള്ളില്‍ പോലും കയറാത്തവരാണ് ന്യായീകരണങ്ങള്‍ കൊണ്ട് വരുന്നത്.’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Vijayasree Vijayasree :