‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയും’. അതുപോലെ തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് പവന്‍ കല്യാണും റാണ ദഗുബാട്ടിയും അയ്യപ്പനും കോശിയുമായി എത്തുന്ന ഭീംല നായക് എന്ന ചിത്രം. ‘ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 2022 ജനുവരി 12നാണ് ചിത്രത്തിന്റെ റിലീസ്. തിയറ്ററിലാകും റിലീസെന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ‘കോശി കുര്യന്‍’ തെലുങ്കിലെത്തുമ്പോള്‍ ‘ഡാനിയല്‍ ശേഖര്‍’ എന്നാണ്.

റാണയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ത്രിവിക്രം തിരക്കഥ, സംഭാഷണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പവന്‍കല്യാണ്‍, റാണ ദഗ്ഗുപതി, നിത്യ മേനോന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

ചിത്രത്തിന് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണവും തമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. റാം ലക്ഷ്മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. മഹേഷ് ബാബുവിന്റെ സര്‍ക്കാരു വാരി പാട്ട, പ്രഭാസിന്റെ രാധേ ശ്യാം എന്നിവ ഇതേ സീസണില്‍ തിയറ്ററുകളില്‍ എത്തുന്നുണ്ട്.

Vijayasree Vijayasree :