എല്ലാത്തിനും ഒടുവില്‍ ആ തീരുമാനം, ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തില്‍ നിന്ന് സമീര്‍ വാങ്കഡെയെ ഒഴിവാക്കി

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍, അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 8 കോടി രൂപ പ്രതിഫലം ആവശ്യപെട്ടെന്ന ആരോപണവും പണം അപഹരിക്കല്‍ ആരോപണവും സമീര്‍ വാങ്കഡെ നേരിട്ടിതിനു പിന്നാലെയാണ് നടപടി.

മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന്‍ കേസും സമീര്‍ വാങ്കഡെ കൈകാര്യം ചെയ്തിരുന്ന മറ്റ് നാല് കേസുകളും ഏറ്റെടുക്കുമെന്നാണ് വിവരം.

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കില്‍ നിന്നും, അതിലും പ്രധാനമായി, ആര്യന്‍ ഖാന്‍ കേസിലെ എന്‍സിബി സാക്ഷിയായ പ്രഭാകര്‍ സെയിലില്‍ നിന്നുമുള്ള ആരോപണങ്ങള്‍, സമീര്‍ വാങ്കഡെയുടെ സര്‍വീസ് റെക്കോര്‍ഡും കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായി. ഇതേ തുടര്‍ന്ന് സമീര്‍ വാങ്കഡെ വലിയ വിവാദത്തിന്റെ കേന്ദ്രമായി മാറിയിരുന്നു.

കഴിഞ്ഞയാഴ്ച, സമീര്‍ വാങ്കഡെക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെ സൂക്ഷ്മപരിശോധന നടത്തിയ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ”കുറ്റമില്ലാത്ത സേവന റെക്കോര്‍ഡ്” ഉദ്ധരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥനെ പരസ്യമായി പിന്തുണച്ചിരുന്നു. അതേസമയം, സമീര്‍ വാങ്കഡെക്കെതിരെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിംഗിന്റെ നേതൃത്വത്തില്‍ ഏജന്‍സി ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.

Vijayasree Vijayasree :