അവളായിരുന്നു ഞങ്ങളുടെ എല്ലാം, അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്, അന്‍സിയ്ക്ക് മോശപ്പെട്ട സൗഹൃദബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല; ദുരൂബതകള്‍ നീങ്ങി സത്യം പുറത്ത് വരണം, നെഞ്ചു നീറി പിതാവ് പറയുന്നു!

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു കൊച്ചിയിലെ മോഡലുകളുടേത്. ഇപ്പോള്‍ ഓരോ ദിവസം കഴിയു ംതോറും സംഭവത്തിന്റെ ദുരൂഹതകളും ഏറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അന്‍സി കബീറിന് മോശപ്പെട്ട സൗഹൃദബന്ധങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പിതാവ് അബ്ദുല്‍ കബീര്‍.

‘അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ജീവിച്ചത്. പക്വമതിയായ, വിവേകമുള്ള വ്യക്തിത്വമായിരുന്നു അവളുടേത്, വളരെ ബോള്‍ഡ്. അവളുടെ കാര്യങ്ങള്‍ നോക്കാന്‍ അവള്‍ക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവള്‍ വളര്‍ന്നത്. അതിനാല്‍ അവള്‍ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട കൂട്ടികെട്ടിലേക്കു പോകില്ലെന്നും എനിക്ക് ഉറപ്പാണ്’ എന്നും അബ്ദുള്‍ കബീര്‍ പറഞ്ഞു.

ആറ്റിങ്ങല്‍ പാലംകോണം സ്വദേശിയായ അബ്ദുള്‍ കബീര്‍-റസീന ദമ്പതിമാരുടെ മകളാണ് അന്‍സി കബീര്‍. മകള്‍ക്ക് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു അന്‍സിയുടെ താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കള്‍ പാര്‍ട്ടിക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ നേരത്തേ പരിചയമില്ല. ഇതു സംശയം വര്‍ധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നല്‍കിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങള്‍ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടര്‍ന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്‌നങ്ങളില്ലെങ്കില്‍ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ല.

ഹോട്ടല്‍ ഉടമയുടെ പരിചയക്കാരനാണ് അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാര്‍ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അന്‍സി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്. സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കില്‍ ആലോചിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.

ഈ മാസം 1നാണ് പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 2019ലെ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ.മുഹമ്മദ് ആഷിഖും മരിച്ചു. ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അബ്ദുല്‍ റഹ്മാന്‍ മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു.

അതേസമയം മോഡലുകളുടെ അപകടമരണത്തിന്റെ വസ്തുതകള്‍ പുറത്തുവരാന്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ഫൊറന്‍സിക് പരിശോധനയ്ക്ക് അന്വേഷണസംഘം ഒരുങ്ങുന്നു. ഡ്രൈവര്‍ മദ്യപിച്ചു വണ്ടിയോടിച്ചുണ്ടായ സാധാരണ അപകടമരണത്തേക്കാള്‍ ഗൗരവം കേസിനു ലഭിച്ചതോടെയാണു വൈകിയാണെങ്കിലും പൊലീസിന്റെ നീക്കം.

കൊല്ലപ്പെട്ട മോഡലുകള്‍ അടക്കം 4 പേര്‍ സഞ്ചരിച്ച കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു. റഹ്മാന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടോയെന്നു കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നിര്‍ണായകമാണ്. ഓട്ടത്തിനിടയില്‍ കാറിന്റെ ബ്രേക്ക് ഫ്ലൂയിഡ് ചോര്‍ന്നതായി സംശയമുണ്ട്.

ഹോട്ടലിന്റെ പാര്‍ക്കിങ് യാഡില്‍ ഈ കാര്‍ കിടന്ന സ്ഥലത്തിന്റെ പരിശോധനയും നിര്‍ണായകമാണ്. മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ സംഭവം നടന്ന ഒക്ടോബര്‍ 31നു രാത്രിയില്‍ ഹോട്ടലില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണു ക്രൈംബ്രാഞ്ച്.

Vijayasree Vijayasree :