ആദ്യ വോട്ട് ഇഷ്ടമില്ലാതെ കോണ്‍ഗ്രസിന് ചെയ്തു; നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങി ശ്രീകുമാരന്‍ തമ്പി

മൂവായിരത്തിലധികം ഗാനങ്ങള്‍ മലയാള സിനിമയ്ക്കായി സമ്മാനിച്ച ഗാന രചയിതാവാണ് ശ്രീകുമാരന്‍ തമ്പി. കൂടാതെ മുപ്പതോളം സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാനൊരുങ്ങുകയാണ് ശ്രീകുമാരന്‍ തമ്പി.

ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ നിയസഭാ തിരഞ്ഞെടുപ്പില്‍ ശ്രീകുമാരന്‍ തമ്പി വോട്ട് ചെയ്തിട്ടില്ല. തന്റെ ആദ്യ വോട്ട് കോണ്‍ഗ്രസിന് ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. 26ാം വയസില്‍ ചെന്നൈയില്‍ എത്തിയ തമ്പി എംജിആറിന്റെ അനുയായിയായി. അന്ന് കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു എംജിആര്‍.

അതോടെ ആദ്യ വോട്ട് ജയന്തി നടരാജന്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഇഷ്ടമില്ലാതെ ചെയ്യേണ്ടി വന്നു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീകുമാരന്‍ തമ്പിയുടെ സഹോദരന്‍ പി.ജി തമ്പി മാവേലിക്കരയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ച സഹോദരന് വോട്ട് ചെയ്യാനായി ശ്രീകുമാരന്‍ തമ്പി നാട്ടില്‍ എത്തിയെങ്കിലും വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ നിരാശനായി മടങ്ങേണ്ടി വന്നു. കാട്ടാക്കടയിലെ വോട്ടറാണ് ശ്രീകുമാരന്‍ തമ്പി ഇപ്പോള്‍.

Vijayasree Vijayasree :