അമ്മയുടെ സ്വപ്‌നത്തിന് സാക്ഷിയായി മഞ്ജുവാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സ്വപ്നങ്ങള്‍ക്ക് മുന്നില്‍ പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മഞ്ജുവാര്യയരുടെ അമ്മ ഗിരിജ മാധവന്‍. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായ കഥകളിയില്‍ ഒടുവില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിരിജ. അമ്മയും സ്വപ്നം പൂവണിയുമ്പോള്‍ സാക്ഷിയായി മകള്‍ മഞ്ജു വാര്യരും ഉണ്ടായിരുന്നു.

പെരുവനം ക്ഷേത്രത്തില്‍ ഇന്നലെയായിരുന്നു ഗിരിജയുടെ അരങ്ങേറ്റം. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലായിരുന്നു ഗിരിജ കഥകളി അഭ്യസിച്ചത്. ഗിരിജ അവതരിപ്പിച്ചത് കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ്. ഏറെ നാളായുള്ള ആഗ്രഹമായിരുന്നു കഥകളി പഠനമെന്ന് ഗിരിജ പറഞ്ഞു.

മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്നും പ്രായം കാര്യമാക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ലെന്നും ഗിരിജ പറഞ്ഞു. അണിയറയിലും അമ്മയ്ക്ക് കരുത്തു പകര്‍ന്ന് മഞ്ജു വാര്യര്‍ ഒപ്പമുണ്ടായിരുന്നു.

എറണാകുളത്ത് നിന്ന് പെരുവനം ക്ഷേത്രത്തില്‍ എത്തിയ അമ്മയെ ചമയങ്ങള്‍ അണിയിക്കുമ്പോഴും കൂടെ നിന്നു.
അമ്മയുടെ നേട്ടത്തില്‍ ഏറെ അഭിമാനമെന്ന് മഞ്ജു പറഞ്ഞു. കുട്ടിക്കാലം മുതല്‍ മഞ്ജു വാര്യര്‍ക്ക് പ്രചോദനമായിരുന്ന അമ്മ ഗിരിജ രണ്ട് വര്‍ഷം മുന്‍പാണ് കഥകളി അഭ്യസിക്കാന്‍ തുടങ്ങിയത്.. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.

Vijayasree Vijayasree :