സിനിമാ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം; സെക്കന്‍ഡ് ഷോ ആരംഭിക്കുന്നുവെന്ന് സൂചന

അടുത്ത ദിവസം മുതല്‍ സെക്കന്‍ഡ് ഷോകള്‍ ആരംഭിക്കുമെന്ന് സൂചന. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസമാണ് നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും തിയേറ്റര്‍ ഉടമകളുടെ സംഘടനയും ഒത്തുചേര്‍ന്ന് ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയ്ക്കൊടുവില്‍ ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ഉറപ്പു നല്‍കി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സെക്കന്റ് ഷോയ്ക്ക് പുറമെ നിരവധി ആവശ്യങ്ങള്‍ സംഘടന നേതാക്കള്‍ ചീഫ് സെക്രെട്ടറിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

മാര്‍ച്ച് 31വരെ അനുവദിച്ചിരിക്കുന്ന വിനോദ നികുതി ഇളവുകള്‍ ഏപ്രില്‍ അവസാനം വരെ നീട്ടണമെന്നും വൈദ്യുതി ഇളവുകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാലാണ് മുഖ്യമന്ത്രിയുമായി നേരില്‍ ചര്‍ച്ച നടത്താന്‍ കഴിയാതിരുന്നത്. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രെട്ടറിയുമായി സിനിമ സംഘടനകള്‍ ചര്‍ച്ച നടത്തിയത്. സെക്കന്റ് ഷോ ആരംഭിച്ചാല്‍ ഉടന്‍ തന്നെ മമ്മൂട്ടി നായകനായെത്തുന്ന ദി പ്രീസ്റ്റ് ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്യും.

Vijayasree Vijayasree :