ഐഎഫ്എഫ്കെ; പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും

25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നേട്ടം കൊയ്ത് മലയാള ചിത്രങ്ങളായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും ചുരുളിയും. രാജ്യാന്തര ചലച്ചിത്രനിരൂപകരുടെ സംഘം തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരമാണ് ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ സിനിമ നേടിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ക്ക് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.

‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസറെക്ഷന്‍’ എന്ന ചിത്രത്തിനാണ് സുവര്‍ണചകോരം. മികച്ച സംവിധായകനുള്ള രജതചകോരം സംവിധായകന്‍ ബഹ്മാന്‍ തൗസി സ്വന്തമാക്കി. ‘ദ നെയിം ഓഫ് ഫ്ലവേഴ്സ്’ എന്ന സിനിമയാണ് സംവിധായകനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച മലയാള ചിത്രത്തിനും ഏഷ്യയിലെ മത്സര വിഭാഗത്തില്‍ നിന്നുമുള്ള മികച്ച ചിത്രത്തിനും നല്‍കുന്ന നെറ്റ്പാക്ക് പുരസ്‌കാരം ‘മ്യൂസിക്കല്‍ ചെയര്‍’ എന്ന ചിത്രം നേടി. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ നാല് മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്കെ നടന്നത്. തിരുവനന്തപുരം, എറണാകുളം, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായി നടന്ന മേളയില്‍ അഞ്ചു തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടന്നത്.

തിരുവനന്തപുരം ഉദ്ഘാടന വേദിയായപ്പോള്‍ സമാപനത്തിന് സാക്ഷ്യം വഹിച്ചത് പാലക്കാടാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ആണ് പാലക്കാട് നടന്ന ചടങ്ങില്‍ പുരസ്‌കാരദാനം നടത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, സിബി മലയില്‍, ബീന പോള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Vijayasree Vijayasree :