വളരെ മോശമായ വൈകാരിക അതിക്രമത്തിന് ഇരയായിരുന്നു ഞാന്‍; വെളിപ്പെടുത്തലുമായി ജ്യോത്സന

‘സുഖമാണീ നിലാവ്…’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്ക് എത്തുന്ന മുഖമാണ് ഗായിക ജോത്സനയുടേത്. മലയാളികളുടെ ഇഷ്ടഗായികയാണ് ജ്യോത്സന രാധാകൃഷ്ണന്‍. നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് ജ്യോത്സന. ഇപ്പോള്‍ റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും മനസ് കീഴടക്കുകയാണ് പ്രേക്ഷകരുടെ പ്രിയ ഗായിക ജ്യോത്സന. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജ്യോത്സന. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും പ്രധാന സംഭവങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ജ്യോത്സന പങ്കുവെയ്ക്കാറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ ജ്യോത്സന അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മേക്കോവറിനെ കുറിച്ചുള്ള ജ്യോത്സനയുടെ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ശരീരഭാരം കുറച്ചതിനെ കുറിച്ചാണ് ജ്യോത്സന മനസ് തുറക്കുന്നത്. തന്റെ രണ്ട് കാലത്തെ ചിത്രങ്ങളും ജ്യോത്സന പങ്കുവച്ചിട്ടുണ്ട്. താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചും ജ്യോത്സന മനസ് തുറക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിത ശൈലിയുണ്ടാക്കിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ജ്യോത്സന പറയുന്നത്. ”ഇത് പറയണമെന്ന് കരുതി. അമിതവണ്ണമുണ്ടാവുക എന്നത് ഒരു മോശം കാര്യമാണെന്ന് ചൂണ്ടിക്കാണിക്കുകയല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം. വണ്ണം കുറയ്ക്കുന്നതോ ചെറിയ അരക്കെട്ടോ ആണ് നല്ലകാര്യമെന്ന് പറയാനുമല്ല. ഒരിക്കലുമല്ല. ജീവിതത്തില്‍ കുറേക്കാലം ബോഡി ഷെയ്മ്മിങ്ങിന്റെ ഇരയായിരുന്നു ഞാനും. വളരെ മോശമായ വൈകാരിക അതിക്രമങ്ങളിലൊന്നാണത്” എന്നും ജ്യോത്സന പറയുന്നു.

ഈ പോസ്റ്റിന്റെ ലക്ഷ്യമെന്ന് പറയുന്നത്, ഞാന്‍ സ്വയം നിയന്ത്രിക്കാന്‍ തീരുമാനിച്ചതിന്റെ ഫലം മാത്രമാണിതെന്ന് പറയുകയാണ്. ശാരീരികവും വൈകാരികവും ആത്മീയവുമായി. അതിന്റെ ഫലമായി ഞാന്‍ എന്റെ ജീവിതശൈലി തന്നെ മാറ്റി. എന്നോട് സോറി തോന്നുന്നത് നിര്‍ത്തുകയും സ്വയം സ്നേഹിക്കാന്‍ തുടങ്ങുകയും ചെയ്തു.

എന്താണ് എനിക്ക് ചേരുന്നത് എന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഈ പ്രൊസസില്‍ എനിക്ക് രണ്ട് പേരോടാണ് നന്ദി പറയാനുള്ളത്. ഒന്ന്, എന്റെ യോഗ ഗുരുവും സ്പിരിറ്റ് ഗൈഡുമായ താര സുദര്‍ശനനാണ്. രാവിലെ അഞ്ച് മണി വിയര്‍ക്കാന്‍ പറ്റിയ സമയമാണെന്ന് എന്നെ പഠിപ്പിച്ചത് അവരാണ്. അടുത്തത്, മനീഷാണ്. 2019ല്‍ ഞാന്‍ സമീപിച്ച എന്റെ ന്യൂട്രീഷ്യനിസ്റ്റാണ്. ശരിയായി ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്.

”എനിക്ക് വേണ്ടത്, കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും, ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ്. ശരീരത്തിന് മാത്രമല്ല, പ്രധാനമായും മനസിന്. നല്ല ആരോഗ്യകരമായ ജീവിതശൈലിയുണ്ടാക്കിയെടുക്കുക. നിങ്ങളുടെ വര്‍ക്കൗട്ട് ആയാലും, ഭക്ഷണം ആയാലും, കൂടെയുള്ള ആളുകളുടെ കാര്യത്തിലായാലും, അതല്ല ഇനി നിങ്ങളുടെ ചിന്തകളുടെ കാര്യത്തിലായാലും. നിങ്ങള്‍ വ്യത്യസ്തമാണ്. നിങ്ങളെ സ്നേഹിക്കുക. മറ്റാരേയും നിങ്ങളെ അങ്ങനെയല്ലെന്ന് ചിന്തിപ്പിക്കാന്‍ അനുവദിക്കരുത്” എന്നും ജ്യോത്സന കൂട്ടിച്ചേര്‍ക്കുന്നു. പോസ്റ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

Vijayasree Vijayasree :