സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുകയും വലിയ ചര്‍ച്ചകളിലേയ്ക്ക് കടക്കുകയും ചെയ്ത ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും നായികാ നായകന്മാരായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. ചിത്രം കണ്ടതിന് ശേഷം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ റിവ്യൂ കുറിച്ചത്. ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങള്‍ക്കെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നതും. ഇപ്പോഴിതാ നവാസ് എന്നയാള്‍ എഴുതിയ വേറിട്ട ഒരു റിവ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നവാസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.
’10 വയസ്സ് തികയുന്നതിനു മുമ്പുതന്നെ കല്യാണം. നിക്കാഹ് ചെയ്ത പുരുഷനെ ആദ്യമായി കണ്ടത് മണിയറയില്‍ വെച്ച്.. ചുരുങ്ങിയത് 12 വയസ്സിലെങ്കിലും വീട്ടിലെ സകല ജോലികളും ചെയ്തു തുടങ്ങിക്കാണും. 13 പ്രസവം.. അതില്‍ മൂന്ന് കുട്ടികള്‍ക്ക് പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനില്ലായിരുന്നു. ഒരു കുട്ടി 6-7 വയസ്സുള്ളപ്പോള്‍ മരണപ്പെട്ടു. മറ്റൊരാള്‍ 28 ഇലും.. എല്ലാവരെയും നല്ലപോലെ വളര്‍ത്തി. തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ചോറും കറികളും വിളമ്പിയപ്പോള്‍ അവര്‍ കഞ്ഞിയും ചമ്മന്തിയും അതും ഇല്ലെങ്കില്‍ കപ്പയും കഴിച്ചുപോന്നു..’
’40ഇല് എത്തിയപ്പോഴേക്കും അസുഖങ്ങള്‍ അവരെ കീഴടക്കി’
‘പ്രായം 40ഇല് എത്തിയപ്പോഴേക്കും അസുഖങ്ങള്‍ അവരെ കീഴടക്കിത്തുടങ്ങിയിരുന്നു.. 60 വയസ്സില്‍ ഡയബെറ്റിസ് മെലിറ്റസ് മൂര്‍ച്ഛിച്ചു. ഇടയ്ക്ക് വെച്ചു ഉണ്ടായ ഒരു മുറിവ് കൊണ്ടുപോയത് അവരുടെ ഇടത്തെ കാല്.. മക്കളും മരുമക്കളും പേരക്കുട്ടികളുമായി പത്തറുപത് പേരുണ്ടായിട്ടും പില്ക്കാലത്ത് അത്യാവശ്യം സമ്പത്തുണ്ടായിട്ടും മരിക്കുന്നതുവരെ അവര്‍ക്ക് വീടും പരിസരങ്ങളും ആശുപത്രികളുമല്ലാത്ത കാഴ്ചകള്‍ ഉണ്ടായിട്ടില്ല..’ ‘അവര്‍ മരണപ്പെട്ടപ്പോഴും നാട്ടുകാര്‍ സംസാരിച്ചത് അവരുടെ ഭാഗ്യത്തെ കുറിച്ചായിരുന്നു.. എത്രയോ മക്കളെയും പേരക്കുട്ടികളെയും വളര്‍ത്തി വലുതാക്കി.. എല്ലാവരെയും നല്ല നിലയില്‍ അവര്‍ക്ക് കാണാന്‍ സാധിച്ചു.. ഒടുവില്‍ എല്ലാവരെയും കണ്‍കുളിരെ കണ്ടുകൊണ്ട് അന്ത്യശ്വാസവും വലിച്ചു.. ഇതില്‍പ്പരം മറ്റൊരു ഭാഗ്യമുണ്ടോ.. എന്നതൊക്കെയായിരുന്നു ആ മനുഷ്യരുടെ കണ്ടെത്തലുകള്‍..!’
‘ആ സ്ത്രീ അവര്‍ക്കുവേണ്ടി ജീവിച്ചിട്ടുണ്ടോ എന്നാരും അന്വേഷിച്ചില്ല.. ഭര്‍ത്താവും മക്കളുപോലും അങ്ങനെ ചിന്തിച്ചു കാണില്ല.. അതെ, ആ സ്ത്രീ അവര്‍ക്ക് വേണ്ടി ജീവിച്ചിട്ടില്ല.. അവര്‍ ജനിച്ചതും ജീവിച്ചതും മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു.. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ അവരുടെ ഇഷ്ടങ്ങള്‍ മറ്റുള്ളവര്‍ തിരക്കുമായിരുന്നു. അവരുടെ ജീവിതം കുറച്ചെങ്കിലും മെച്ചപ്പെട്ടതാകുമായിരുന്നു..”അടുക്കളയില്‍ കുടുങ്ങിപ്പോയ ജീവിതങ്ങളില്‍ ഒന്ന്, എന്റെ ഗ്രാന്‍ഡ്മ.. അവരാണ്..അവരുടെ അനുഭവങ്ങളാണ് പല കാര്യങ്ങളിലും എന്നെ മാറ്റിച്ചിന്തിപ്പിച്ചത്. അവരോടു മിണ്ടിപ്പറഞ്ഞു ഇരിക്കുമ്പോഴെല്ലാം പലതും ആ കണ്ണുകളില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തിട്ടുണ്ട്.. മക്കളെക്കാള്‍ കൂടുതല്‍ സ്നേഹം അവരെനിക്ക് തന്നിട്ടുമുണ്ട്.. മനസ്സറിഞ്ഞു സ്നേഹിക്കൂ, സംസാരിക്കൂ.. ഇരട്ടിയായി നിനക്കത് കിട്ടുമെന്ന പാഠം അവര്‍ പകര്‍ന്നുതന്നു.. ‘
‘വീട്ടുജോലികള്‍ കഠിനമാണെന്ന തിരിച്ചറിവ് അവരുടെ ജീവിതത്തില്‍ നിന്നും നേടിയതു കൊണ്ടാകാം എന്റെ വീട്ടില്‍ ഫ്ലോര്‍ തുടക്കുന്നതും രാവിലെ പാത്രങ്ങള്‍ കഴുകുന്നതും ബാത്റൂമുകളും മറ്റും കഴുകി വൃത്തിയാക്കുന്നതും ഞാനാണ്. പിന്നെയും അല്ലറ ചില്ലറ പണികള്‍ ചെയ്യാറുണ്ട്. നൂറുകിലോ ഭാരമുള്ള ഒരു വസ്തുവിനെ ഒറ്റയ്ക്ക് ഒരാള്‍ തള്ളിമാറ്റാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ തോന്നുന്ന ഒന്നേ ഞാനും ചെയ്യുന്നുള്ളൂ. ഒന്ന് കൈ വെക്കുക..”ജോലിക്ക് ആളു കൂടുമ്പോള്‍ സമയവും ഊര്‍ജ്ജവും ലാഭിക്കാമെന്ന വളരെ ലളിതമായ ഒരു തിയറിയാണ് പ്രയോഗിക്കുന്നത്. പണം കൊടുത്ത് ജോലിക്ക് നിര്‍ത്തിയ ഒരാളല്ല വീട്ടില്‍ ഉള്ളതെന്നും, മറിച്ചു തന്റെ ഇണയാണെന്നും ബോധ്യമുള്ള ഒരാള്‍ക്ക് തോന്നേണ്ട തിയറി. ചിന്തകളുടെ ഒന്നാം ഭാഗത്തിനു ഇവിടെ അവസാനം. രണ്ടാം ഭാഗത്തില്‍ മറ്റു ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.. ‘നാട്ടുകാരനായ ഒരു വ്യക്തിക്ക് വിവാഹ മോചനം വേണം. രണ്ടു കുടുംബത്തിലെയും കാരണവന്മാര് ഒത്തുകൂടി കാരണം തിരക്കി. അതിന് പുരുഷന് നല്കിയ ഉത്തരം ഇതായിരുന്നു. പെണ്ണിന് സെക്സിനെ കുറിച്ചുള്ള അറിവുണ്ട്.. ചിലപ്പോള്‍ അവള്‍ക്ക് മുന്‍കാല അനുഭവം ഉള്ളത് കൊണ്ടാകുമെന്ന്. അപ്പൊ നിനക്ക് എങ്ങനെ അറിയാമെന്ന ചോദ്യം ആണിന്റെ നേര്‍ക്ക് എറിഞ്ഞപ്പോള്‍ അയാള്‍ക്ക് ഉത്തരം മുട്ടി. പെണ്ണിന് മാത്രം ഇതൊക്കെ എങ്ങനെ അറിയാമെന്ന ചര്‍ച്ചയിലേക്ക് പോകാതിരുന്നതുകൊണ്ട് അവള്‍ക്ക് അന്ന് നീതി ലഭിച്ചു..
ചആ: സ്ത്രീയുടെ ഉത്തേജനം, ലൂബ്രിക്കേഷന്, വേദനയില്ലാത്ത സെക്സ്, ഓര്‍ഗാസം ഇതൊക്കെ ആര് നോക്കുന്നു… ‘
‘പിറന്നു വീണപ്പോള്‍ ശരീരമാകെ പൊതിഞ്ഞിരുന്നതും അതേ രക്തത്തുള്ളികളാണ്’
പെണ്ണിനെ മാറ്റി നിര്‍ത്തേണ്ട സമയമല്ല, ചേര്‍ത്തു നിര്‍ത്തേണ്ട സമയമാണ് അവളുടെ ബ്ലീഡിങ് ടൈം. അതില്ലെങ്കില്‍ ഭൂമിയില്‍ ജനനമില്ലെന്ന് മനസ്സിലാക്കുക. നമ്മള് പിറന്നു വീണപ്പോള്‍ ശരീരമാകെ പൊതിഞ്ഞിരുന്നതും അതേ രക്തത്തുള്ളികളാണെന്ന ബോധം നേടുക. ഇതൊന്നും പറ്റില്ലെങ്കില്‍ കുറച്ചു സമാധാനമെങ്കിലും അവള്‍ക്ക് നല്‍കുക. ബ്ലീഡിങ് സമയത്ത് അവരനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാല്‍ തീരുന്നതെ ഉള്ളൂ.. നിങ്ങളുടെ ഈ അറപ്പും വെറുപ്പും..’
പണ്ടുമുതല്‍ക്കെ പെണ്ണിന് ചാര്‍ത്തിക്കൊടുത്ത ഒരു സ്ഥാനമുണ്ടല്ലോ.. എന്നതാ.. ങ്ഹാ സഹനശക്തിയുള്ളവളാണ് യഥാര്‍ത്ഥ പെണ്ണെന്ന്.. എന്നാല്‍ എല്ലാം സഹിച്ചും ക്ഷമിച്ചും പെണ്ണ് എത്രകാലം ജീവിക്കും.. ഇനി താഴാന്‍ വയ്യാന്നു തോന്നുന്ന കാലം വരെ മാത്രം.. പെണ്ണ് ഇറങ്ങിപ്പോയാല്‍ അതവള്‍ക്ക് മൂത്തിട്ടാണ് എന്ന ചര്‍ച്ചകള്‍ പൊതുവായി കാണാറുണ്ട്. എന്നാല്‍ എല്ലാ ഇറങ്ങിപ്പോകലുകളും കാമത്തിന് വേണ്ടിയല്ല. പലതും അതിജീവനത്തിന് വേണ്ടിയാണെന്ന് ഏതുകാലത്ത് നാം മനസ്സിലാക്കും.. ” ‘ശ്ശെടാ.. ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുന്നതാണോ’ എന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്ക് തത്കാലം വിരാമമിട്ടുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സ്വന്തം വീട്ടിലേക്ക് കണ്ണു തുറന്നുവെച്ച് നോക്കുക.. എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം അവിടെയുണ്ട്.. കൃത്യമായി പറഞ്ഞാല്‍ അടുക്കളയുടെ ആ നാലു ചുമരുകള്‍ക്കുള്ളില്‍.. എഴുതിയത്: നവാസ് ‘