‘വണ്‍’ ന്റെ പുത്തന്‍ വിശേഷങ്ങള്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ആകാംക്ഷയോടെ ആരാധകര്‍

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന പുതിയ ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ വണ്‍. മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രവുമായി ബന്ധപ്പെട്ട ജോലികളെല്ലാം പൂര്‍ത്തിയായതായാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. തീയേറ്ററുകള്‍ തുറന്ന് പഴയപടി പ്രവര്‍ത്തനമാരംഭിച്ചതോടെ ഓരോ സിനിമയും റിലീസ് തീയ്യതി പ്രഖ്യാപിച്ചു തുടങ്ങി. മമ്മൂട്ടിചിത്രം ‘വണ്‍’ എന്ന് തീയേറ്ററുകളിലേക്കെത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളും.

വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് വണ്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മമ്മൂട്ടിക്കൊപ്പം വന്‍ താര നിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ജോജു ജോര്‍ജ്, രഞ്ജിത്ത്, സലിം കുമാര്‍, മുരളീ ഗോപി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥയൊരുക്കുന്നത്. ഏപ്രിലിലായിരുന്നു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു.

Vijayasree Vijayasree :