‘കേരളത്തിലെ ജനങ്ങള്‍ക്ക് മൂന്ന് മുന്നണികളെയും മടുത്തു’; തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ദേവന്‍

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ദേവന്‍. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അടുത്തിടെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവന്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് മൂന്ന് മുന്നണികളെയും മടുത്തുവെന്നും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി സംസ്ഥാനത്ത് സജീവമായിരിക്കുമെന്നും ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും ദേവന്‍ പറഞ്ഞു. പാര്‍ട്ടിയും പൊതുപ്രവര്‍ത്തനവും ഒക്കെയായി സജീവമാണെങ്കിലും ഒരിക്കലും താന്‍ അഭിനയം ഉപേക്ഷിക്കില്ല, അത് തന്റെ ഉപജീവനമാര്‍ഗ്ഗമാണ്. രജനീകാന്തിന് രാഷ്ട്രീയം പറ്റില്ല. രാഷ്ട്രീയം പേടിക്കുന്ന ആളാണ് രജനികാന്ത്. രജനീകാന്ത് അസാധ്യതാരമാണെങ്കിലും രാഷ്ട്രീയത്തില്‍ ശോഭിക്കാനാകില്ല. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ദേവന്റെ വാക്കുകള്‍ ഇങ്ങനെ, പിണറായി അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ അദ്ദേഹം ആ വിശ്വാസം തകര്‍ത്തു. പിണറായി വിജയന്‍ സംസ്ഥാനത്തെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിണറായി വിജയന്റെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മലയാളികളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.

‘വളരെ ശക്തനായ രാഷ്ട്രീയനേതാവാണ് പിണറായി. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ തികഞ്ഞ പരാജയമായി. അധികാരമേറ്റപ്പോള്‍ ഇടത് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ആ വിശ്വാസം തകര്‍ന്നു. ശബരിമല വിഷയത്തോടെയാണ് ജനങ്ങള്‍ക്ക് അത് മനസിലായിലായത്. ശബരിമലയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ പിണറായി മാത്രമാണ്. ശബരിമല വിഷയത്തില്‍ ഒരുപാട് അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തിയതാണ് ഇന്ന് പിണറായിക്കും പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടായ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. പിണറായി വിജയന് ഇരട്ട ചങ്കല്ല, കരുണയുള്ള നല്ലൊരു ഹൃദയമാണ് വേണ്ടത്’.-ദേവന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :