ഒരു നടന്‍ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കില്‍ ആ നടന്‍ സത്യമുള്ളവനാകണം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂര്‍ത്തങ്ങളാണ് വെള്ളം

കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടന്ന തിയേറ്ററുകൾ ജയസൂര്യയുടെ വെള്ള ത്തോടെയാണ് തുറന്നത്. ചിത്രം വെള്ളം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ഇപ്പോഴിതാ സിനിമയെക്കുറിച്ച്‌ നടനും തിരക്കഥാകൃത്തുമായ മധുപാല്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ജയസൂര്യയുടെ മികവുറ്റ അഭിനയപ്രകടനത്തെക്കുറിച്ച്‌ വാചാലനായിരിക്കുകയാണ് മധുപാല്‍.

മധുപാലിന്റെ വാക്കുകള്‍

ചില നിമിഷങ്ങള്‍ ജീവിതത്തില്‍ ഓര്‍ക്കുവാനും മുന്നോട്ട് സഞ്ചരിക്കുവാനും പ്രേരണയാകും. ജീവിതത്തില്‍ ഒരുവന്റെ വിജയം കണ്ണു നനയിക്കും. അത് സ്നേഹം കൊണ്ടും സന്തോഷം കൊണ്ടുമാവും. അവന്റെ കണ്ണിലെ വെളിച്ചമില്ലായ്യയും പിന്നെ ഉണ്ടാവുന്ന തെളിച്ചവും ആകാശത്തിലെ സൂര്യനെപ്പോലെ കാണും. അവന്‍ മനുഷ്യര്‍ക്ക് പ്രതീക്ഷയും പ്രത്യാശയുമാകും.

ജയസൂര്യ എന്ന അഭിനേതാവിന്‍്റെ ഒരു ചിത്രം മാത്രമല്ല വെള്ളം. അത് എത്രയോ മദ്യപാനികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. ജയസൂര്യ എന്ന താരത്തെ ഈ ചിത്രത്തില്‍ കാണില്ല. വഴിയരികില്‍ വീണ് കിടക്കുന്ന ബോധമില്ലാത്ത ഒരു മുഴുക്കുടിയന്‍ മാത്രമാണയാള്‍.

ഒരു നടന്‍ തന്നിലേക്ക് ഒരു കഥാപാത്രത്തെ മുഴുവനായി പ്രവേശിപ്പിക്കണമെങ്കില്‍ ആ നടന്‍ അത്രമേല്‍ സത്യമുള്ളവനാകണം. കാഴ്ചയും അനുഭവവും ചേര്‍ന്ന പരകായപ്രവേശം. ജയസൂര്യയുടെ അഭിനയത്തിന്റെ സത്യമുള്ള മുഹൂര്‍ത്തങ്ങളാണ് വെള്ളം. ഒരു നടന്‍ വെള്ളം പോലെയാവണം എന്നു പറയാറുണ്ട്. ഏത് രൂപവും എടുത്തണിയുവാന്‍ പാകമായത് എന്ന അര്‍ത്ഥത്തില്‍. ജയസൂര്യ പഞ്ചഭൂതവും ചേര്‍ന്ന പ്രപഞ്ചമാണ്. വെള്ളം ഈ നൂറ്റാണ്ടിന്റെ ചിത്രമാണ്. അഭിനന്ദനങ്ങള്‍. പ്രിയപ്പെട്ട പ്രജേഷിനും ജയസൂര്യയ്ക്കും, മധുപാല്‍ കുറിച്ചു.

Noora T Noora T :