ഓസ്‌കറിന് മത്സരിക്കാന്‍ ‘സുരറൈ പോട്ര്’; സന്തോഷ വാര്‍ത്ത അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയി വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ ചിത്രം ഓസ്‌കറിന് മത്സരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

കോവിഡ് കാരണം തിയേറ്ററുകള്‍ മുഴുവന്‍ അടഞ്ഞുകിടന്നതിനാല്‍ തന്നെ ഒടിടി റിലീസ് ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്‌കര്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അക്കാദമി നല്‍കുന്നുണ്ട്. ഇപ്രകാരമാണ് ‘സൂരറൈ പോട്രും’ ഓസ്‌കര്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. പൊതുവിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുന്നത്.

മികച്ച നടന്‍, നടി, സംവിധാനം, സംഗീത സംവിധാനം, കഥാരചന തുടങ്ങിയ പ്രധാന വിഭാഗങ്ങളിലടക്കം മത്സരിക്കാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. അക്കാദമിയുടെ സ്‌ക്രീമിംഗ് റൂമില്‍ ഇന്നു മുതല്‍ ചിത്രം പ്രദര്‍ശനത്തിന് ഉണ്ടാവും. പ്രദര്‍ശനങ്ങള്‍ കാണുന്ന അക്കാദമി അംഗങ്ങളുടെ വോട്ടുകളും നോമിനേഷനും അനുസരിച്ചാണ് മത്സരം മുന്നോട്ടുപോകുന്നത്.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായിരുന്നു സൂരറൈ പൊട്രു. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തിയത്. ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അപര്‍ണ ചിത്രത്തില്‍ അവതരിപ്പിച്ചത്. കൂടാതെ പ്രേക്ഷകരുടെ സ്വന്തം താരം ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവരുടെയും പ്രകടനം ഏറെ പ്രശംസയ്ക്ക് വഴിവെച്ചിരുന്നു.

Vijayasree Vijayasree :