‘നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്’, ‘ജന്മദിനാശംസകള്‍ ടോവി ബോയ്’; ടോവിനോയ്ക്ക് ഇന്ന് സന്തോഷ ജന്മദിനം

വലിയ സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ തന്നെ തന്റേതായ കഴിവു കൊണ്ടു മലയാള സിനിമയിലെ മുന്‍ നിര നായകന്മാരിലേയ്ക്ക് ഉയര്‍ന്നു വന്ന താരമാണ് ടോവിനോ തോമസ്. ആരാധകരുടെ സ്വന്തം ‘അച്ചായന്‍’. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി നായകനായി ഉയര്‍ന്നു വന്ന ടോവിനോയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ടോവിനോയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. ‘ജന്മദിനാശംസകള്‍ ടോവി ബോയ്,’ എന്നാണ് ചാക്കോച്ചന്‍ താരത്തിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്. ‘നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്,’ എന്നാണ് ജയസൂര്യ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പറഞ്ഞത്. മഞ്ജു വാര്യര്‍, ബേസില്‍ ജോസഫ്, തുടങ്ങിവരും താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

എഞ്ചിനീയറായിരുന്ന ടോവിനോ തന്റെ ജോലി ഉപേഷിച്ചാണ് പാഷനായ അഭിനയത്തിലേയ്ക്ക് തിരിയുന്നത്. ഒരു ചിത്രത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലുള്ള തന്റെ മുഖം കാണിക്കുന്നതിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന് തന്റെ ആദ്യ സിനിമയിലെ ചില ചിത്രങ്ങള്‍ പങ്കുവെച്ച് ടോവിനോ പറഞ്ഞിരുന്നു. 2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലാണ് ടോവിനോ ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് താരം ആരാധകരെ സ്വന്തമാക്കി.

ടോവിനോയ്ക്ക് കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ‘എന്ന് നിന്റെ മൊയ്തീന്‍’. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്‌സിക്കന്‍ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫര്‍’, ‘ഉയരെ’, ‘വൈറസ്’, ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’, ‘ലൂക്ക’, ‘കല്‍ക്കി’, ‘എടക്കാട് ബറ്റാലിയന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാന്‍ ടോവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാന്‍ ടൊവിനോയ്ക്ക് സാധിച്ചു. സിനിമയിലെത്തുന്നതിനു മുന്‍പ് ‘ഗ്രിസൈല്‍’ എന്നൊരു ലഖുചിത്രത്തില്‍ അഭിനയിച്ചിരുന്നു.കൂടാതെ,രൂപേഷ് പീതാംബരന്റെ ‘തീവ്രം’ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ടോവിനോ.

അതേസമയം, സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ബ്രാന്‍ഡ് അംബാസിഡര്‍ പ്രഖ്യാപനം നടത്തിയത്. കോവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു. അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവനസന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചതെന്നും കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടോവിനോ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Vijayasree Vijayasree :