‘ജല്ലിക്കട്ട്’ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല; സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

‘ജല്ലിക്കട്ട്’ സിനിമയുടെ ഓസ്‌കര്‍ എന്‍ട്രി ആഘോഷമാക്കിയവരാണ് മലയാള സിനിമാ പ്രേമികള്‍. എന്നാല്‍ വ്യക്തിപരമായി അത് അത്ര ആഘോഷിച്ചിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മനഃപൂര്‍വ്വം ആഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ആളാണ് താന്‍, അതിനാല്‍ ഓസ്‌കര്‍ എന്‍ട്രി അത്ര ആഘോഷിക്കപ്പെടേണ്ട കാര്യമായി തോന്നിയില്ല എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിജോ ജോസ് അഭിപ്രായം തുറന്ന പറഞ്ഞത്.

ജല്ലിക്കട്ടിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു അത്. രാജ്യം അതിനെ പ്രതിനിധീകരിക്കാന്‍ ഈ സിനിമ ഉപയോഗിക്കുന്നു എന്നു പറയുന്നത് എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ താന്‍ അത്ര ആഘോഷിച്ചില്ലെന്നും ലിജോ പറയുന്നു. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കട്ട് ഒരുക്കിയത്. എസ്. ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. ഓസ്‌കര്‍ എന്‍ട്രി ലഭിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് ജല്ലിക്കട്ട്.

newsdesk :