കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് വിശദീകരണം നല്‍കുന്നതിനായി പ്രീ കോളര്‍ ട്യൂണ്‍ ഉണ്ടായിരുന്നു. ഇതിന് ശബ്ദം നല്‍കിയിരുന്നത് നടന്‍ അമിതാഭ് ബച്ചനാണ്. കോവിഡ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അമിതാഭ് ബച്ചനെയും പിടികൂടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രീ കോളര്‍ ട്യൂണില്‍ നിന്നും അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്നാവശ്യപ്പെട്ട രംഗത്തെത്തിയിരിക്കുകയാണ് സാമുഹ്യപ്രവര്‍ത്തകനും ഡല്‍ഹി സ്വദേശിയുമായ രാകേഷ്.
ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ശബ്ദം നല്‍കിയ അമിതാഭ് ബച്ചന് കോവിഡില്‍ നിന്ന് സ്വയം രക്ഷപെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന വാദം. മാത്രമല്ല, കോവിഡ് പോരാട്ടത്തില്‍ എത്തരത്തിലുള്ള ബോധവല്‍ക്കരണത്തിനും ആളുകള്‍ തയ്യാറാകുമ്പോള്‍ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹരജിക്കാരന്‍ പറയുന്നു.