‘പിണറായി സര്‍ക്കാരിനെ വെള്ളപൂശാനുള്ള സിനിമ’; അത് കണ്ടിട്ട് തീരുമാനിക്കൂ എന്ന് സംവിധായകന്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘വണ്‍’ നെ കുറിച്ചുള്ള ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ. ഈ ചിത്രം പിണറായി സര്‍ക്കാരിനെ വെള്ളപൂശാനുള്ളതാണെന്നും പിണറായി വിജയന് വേണ്ടിയുള്ളതാണെന്നും തുടങ്ങി നിരവധി വിമര്‍ശങ്ങളാണ് ഉയര്‍ന്നു വരുന്നത്. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന വേഷത്തിലാണ് എത്തുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.

സിനിമ കാണാതെയാണ് എല്ലാ കാര്യങ്ങളും പറയുന്നത്. പ്രത്യേകിച്ച് ആരെയും വിഷയമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവര്‍ക്ക് അങ്ങനെയെല്ലാം തോന്നുന്നത്. അപ്പോള്‍ അത് സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് അവര്‍ പറയുന്നത്. പക്ഷെ അതൊന്നും ഈ സിനിമയും ആയി ബന്ധപ്പെട്ട കാര്യങ്ങളല്ല. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയുന്നു എന്നേ ഉള്ളൂ എന്നും അദ്ദേഹം് പറഞ്ഞു.

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുക്കളായ സഞ്ജയ് ബോബി ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി രചിച്ചിരിക്കുന്ന ചിത്രം കൂടിയാണ് വണ്‍. ഇതിന്റെ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ മമ്മൂട്ടി ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമയുടെ റിലീസ് ഉടന്‍ ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെ അറിയിച്ചു. കോവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂര്‍ത്തിയായിരുന്നു. കോവിഡ് ആണ് സിനിമയുടെ റിലീസ് വൈകാന്‍ കാരണം. കേവലം രാഷ്ട്രീയ സിനിമകള്‍ക്കുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രമേയമാണ് വണ്‍ എന്ന ചിത്രത്തിന്.

Noora T Noora T :