സാര്‍ പൊളിച്ചു, അവസാനം ഞാന്‍ കരഞ്ഞു, കിക്കിടു ആക്ടിങ്ങ; കര്‍ണനിലെ ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് അല്‍ഫോന്‍സ് പുത്രന്‍

ധനുഷ് ചിത്രമായ കര്‍ണ്ണനില്‍ നടന്‍ ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ലാലിന്റെ പ്രകടനം കണ്ട് താന്‍ കരഞ്ഞുപോയെന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്.

കര്‍ണ്ണന്‍ എന്ന സിനിമയ്ക്ക് താന്‍ എന്തുകൊണ്ട് തന്റെ ശബ്ദം നല്‍കിയില്ല എന്നതുമായി ബന്ധപ്പെട്ട് നടന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കമന്റായാണ് അല്‍ഫോന്‍സ് തന്റെ അഭിപ്രായം അറിയിച്ചത്.

സാര്‍ പൊളിച്ചു കര്‍ണ്ണനില്‍. അവസാനം ഞാന്‍ കരഞ്ഞു. കിക്കിടു ആക്ടിങ്ങ് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ക്ക് വഴിവെച്ചതിനു പിന്നാലെ അദ്ദേഹം എന്തുകൊണ്ട് കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയില്ല എന്ന ചോദ്യം എല്ലാവരും ചോദിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം താന്‍ എന്തുകൊണ്ട് കര്‍ണ്ണനില്‍ സ്വന്തം നല്‍കിയില്ല എന്നതുമായി ബന്ധപ്പെട്ട് ലാല്‍ പോസ്റ്റ് പങ്കുവെച്ചത്. കര്‍ണ്ണന്‍ എന്ന സിനിമ തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കര്‍ണ്ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്.

തന്റെ തമിഴ് സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് കരുതിയാണ് മറ്റൊരാളെ കൊണ്ട് ശബ്ദം നല്‍കിയതെന്ന് ലാല്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :