ജോലിക്കു പോകാന്‍ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കില്‍ സഹായം ചോദിക്കാന്‍ മടിക്കേണ്ട.. ക്യാംപെയിന്റെ ഭാഗമായി ജൂഡ് ആന്റണി

രാജ്യത്ത് കോവിഡ് മഹാമാരി രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ ഏറെയാണ്. തൊഴിലും വരുമാനവും നഷ്ടമായവര്‍ക്ക് കൈത്താങ്ങായി സോഷ്യല്‍ മീഡിയയില്‍ നിരവധി ക്യാംപെയ്‌നുകള്‍ നടക്കുന്നുമുണ്ട്.

അത്തരത്തില്‍ ഒരു ക്യാംപെയ്‌നിന്റെ ഭാഗമായിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ജൂഡ് ക്യാപെയ്‌നിന്റെ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

#JoinTheCause, #CopyAndPasteIfYouCanAndAreWillingToHelp എന്നീ ഹാഷ്ടാഗുകളില്‍ ആരംഭിച്ച ക്യാംപെയ്‌നിന്റെ സന്ദേശമാണ് ജൂഡ് പങ്കുവെച്ചിരിക്കുന്നത്. ”ഈ പോസ്റ്റ് വായിക്കുന്ന ആരെങ്കിലും ജോലിക്കു പോകാന്‍ പറ്റാത്തവരോ വരുമാനം ഇല്ലാത്തവരോ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരോ ആണെങ്കില്‍ മടിക്കേണ്ട. 

പ്രൈവറ്റ് മെസ്സേജായി നിങ്ങളുടെ വിലാസം മാത്രം അയച്ചാല്‍ മതി. ഭക്ഷണ കിറ്റ് വീട്ടിലെത്തിയിരിക്കും. ഈ നന്മയില്‍ എല്ലാവര്‍ക്കും പങ്കാളികളാകാം. 

ഈ മെസേജ് നിങ്ങളുടെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്യൂ. നിങ്ങള്‍ക്ക് വരുന്ന പ്രൈവറ്റ് മെസേജുകള്‍ക്കു നിങ്ങളെക്കൊണ്ട് ആകുന്ന രീതിയില്‍ സഹായിക്കൂ”, എന്നാണ് ക്യാംപെയ്‌നിന്റെ ഭാഗമായുള്ള സന്ദേശം. വലിയ പ്രതികരണമാണ് ഫെയ്‌സ്ബുക്കില്‍ ഈ ക്യാംപെയ്‌ന് ലഭിക്കുന്നത്.

Vijayasree Vijayasree :