ആ കഥാപാത്രം വേണ്ട എന്ന് വെച്ചതില്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്, വിനീത് അവതരിപ്പിച്ച് കയ്യടി നേടിയപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി

2019 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാല്‍ ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച് കയ്യടി നേടിയ ഈ കഥാപാത്രം ആദ്യം തേടിയെത്തിയത് തന്നെ ആയിരുന്നുവെന്ന് പറയുകയാണ് സണ്ണി വെയിന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഇതേ കുറിച്ച് പറയുന്നത്.

‘തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കയ്യടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി.

വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്,’ എന്നും സണ്ണി വെയ്ന്‍ പറയുന്നു.

മാത്മ്രല്ല, എല്ലാവരേയും പോലെ തന്നെ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും താന്‍ അറിഞ്ഞിട്ടുണ്ടെന്നും പക്ഷേ പരാജയം മനസിലേക്ക് എടുക്കാറില്ല.

വിജയങ്ങളില്‍ സന്തോഷിക്കും. പരാജയപ്പെട്ടു എന്ന് കരുതി മുറിയടച്ച് അകത്തിരിക്കുന്ന പരിപാടിയൊന്നുമില്ല. വളരെ കൂളായിട്ട് എടുക്കും, സണ്ണി വെയ്ന്‍ പറയുന്നു.

അതിഥി താരമായെത്തിയും കയ്യടി വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊരു നിമിത്തമാണെന്നായിരുന്നു സണ്ണിയുടെ മറുപടി. ജൂണ്‍ എന്ന സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രമേയുള്ളൂ. എന്നാലും മനസുനിറച്ച സിനിമയാണത്.

വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ആ സിനിമ. വളരെ പെട്ടെന്നായിരുന്നു ജൂണിലേക്കുള്ള വിളി. കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ചെറുതാണെങ്കിലും ആഴമുള്ള കഥാപാത്രമായിരുന്നു അത്, സണ്ണി വെയ്ന്‍ പറഞ്ഞു.

Vijayasree Vijayasree :