‘ഇതും കടന്നു പോകും’, മകളുടെ കോവിഡ് അതിജീവനകഥ പങ്കുവെച്ച് ജീത്തു ജോസഫ്

ദൃശ്യം എന്ന ഒറ്റ ചിത്രം മതി ജീത്തു ജോസഫ് എന്ന സംവിധായകനെ ഓര്‍ത്തിരിക്കാന്‍. ജയരാജ് സംവിധാനം ചെയ്ത ബീഭത്സം എന്ന സിനിമയില്‍ സംവിധാന സഹായിയായി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച ജീത്തു ജോസഫ് ഇന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.

ഇപ്പോഴിതാ മകളുടെ കോവിഡ് അതിജീവനകഥ പ്രേക്ഷകരുമായി പങ്കുവക്കുകയാണ് ജീത്തു ജോസഫ്. കോവിഡ് രോഗബാധിതയായി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ഇളയ മകള്‍ കറ്റീനാ ആന്‍ തയ്യാറാക്കിയ ‘ഇതും കടന്നു പോകും’ എന്ന ഹ്രസ്വവീഡിയോയാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പങ്കുവെച്ചത്.

അടച്ചിട്ട മുറിയിലെ കാഴ്ചകളും രോഗാവസ്ഥയിലിരിക്കുമ്പോഴളാണ് ചിന്തകളും അതിമനോഹരമായി കറ്റീനാ ആന്‍ തന്റെ വിഡിയോ ഡയറിയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. ഏപ്രില്‍ 18നാണ് കറ്റീനാ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് 13 ദിവസങ്ങള്‍ വീട്ടില്‍ തന്നെ കറ്റീനാ ക്വാറന്റീനിലായിരുന്നു. പ്രിയപ്പെട്ടവര്‍ ഒരു വിളിക്കപ്പുറം അടുത്തുണ്ടായിരുന്നിട്ടും രോഗദിവസങ്ങളില്‍ അകാരണമായ ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നതായി കറ്റീനാ പറയുന്നു.

കറ്റീനായുടെ വിഡിയോ ഡയറിക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. അച്ഛനെപ്പോലെ മകളും മനോഹരമായി കഥ പറയുന്നുണ്ടല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

ജീത്തു ജോസഫ് തിരക്കഥ രചിച്ച് സ്വതന്ത്രമായി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായ സിനിമ ഡിക്ടറ്റീവ് 2007ല്‍ റിലീസ് ചെയ്തു. ഈ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിയത്. തുടര്‍ന്ന് നിരവധി മികച്ച ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

2013 ല്‍ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മോഹന്‍ ലാല്‍ നായകനായ ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വലിയ വിജയ ചിത്രമായി.

2015 ല്‍ ദൃശ്യം തമിഴിലേയ്ക്ക് പാപനാശം എന്ന പേരില്‍ കമലഹാസനെ നായകനാക്കി ജിത്തു റീമേക്ക് ചെയ്തു. ദ ബോഡി എന്ന ഹിന്ദി സിനിമയും, തമ്പി എന്ന തമിഴ് സിനിമയും ജിത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.

ഈ അടുത്തിടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്ത്. ഒടിടി റിലീസ് ആയി എത്തിയ ചിത്രം ഏറെ പ്രശംസകള്‍ നേടി. ദൃശ്യം2 വിന്റെയും റീമേക്കുകളുടെ ചിത്രീകരണം നടക്കുകയാണ്.

Vijayasree Vijayasree :