ഷൂട്ടിംഗിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് ടീം ‘രാധേശ്യാം’

സിനിമാ ഷൂട്ടിംഗിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍.

ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു.

ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു.

ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹേഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തംരംഗം അതിരൂക്ഷമായി വര്‍ധിച്ചു വരികയാണ്. നിരവധി പേരാണ് ദിനം പ്രതി കോവിഡ് ബാധിച്ച് മരണപ്പെടുന്നത്.

കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് പല സംസ്ഥാനങ്ങളിലെ ആശുപത്രികളിലും ഓക്സിജനും കിടക്കുകളും ദൗര്‍ലഭ്യം നേരിടുകയാണ്.

Vijayasree Vijayasree :