തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു, നഷ്ടമായത് എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത്

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ നിറക്കൂട്ട്, രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, മനു അങ്കിള്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ആകാശദൂത് എന്നിവയുട തെിരക്കഥാകൃത്താണ്. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ന്നത് ഡെന്നീസ് ജോസഫിന്റെ ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു. സംവിധായകന്‍ ജോഷിക്കുവേണ്ടിയായിരുന്നു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയത്.

1985ല്‍ ഈറന്‍ സന്ധ്യയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് മലയാള സിനിമയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് നിറക്കൂട്ട്, ശ്യാമ എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തായി ഉയരുകയും ചെയ്തു.

1986ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. 1987ല്‍ പുറത്തുവന്ന ന്യൂ ഡല്‍ഹി എന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ നിര്‍ണായകമായ ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടി സൂപ്പര്‍ഹിറ്റ് നായകനായി ഉയര്‍ന്നു വന്നത്.

Vijayasree Vijayasree :